കോട്ടയം വിജയപുരം പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ത്തല്ലി. സംഘം റജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് കുടുംബശ്രീ സിഡിഎസ് അധ്യക്ഷയെ പഞ്ചായത്ത് വനിതാ അംഗം മുറിക്കുള്ളിൽ പൂട്ടിയിട്ടു. പഞ്ചായത്ത് ഓഫിസിന്റെ മൂന്നാം നിലയിലായിരുന്നു വഴക്ക്. പഞ്ചായത്തംഗം രജനി സന്തോഷാണ് സിഡിഎസ് അധ്യക്ഷയ്ക്കെതിരെ ആരോപണം അഴിച്ചുവിട്ടത്.
തന്റെ വാര്‍ഡില്‍ കുടുംബശ്രീ പ്രവര്‍ത്തനം നേരാംവണ്ണം നടത്താന്‍ അധ്യക്ഷ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. വഴക്കു മൂത്തപ്പോള്‍ അധ്യക്ഷയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടശേഷം മുറിക്കുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതുകൊണ്ടൊന്നും കുലുങ്ങില്ലെന്നായി സിഡിഎസ് അധ്യക്ഷ. വഴിവിട്ടൊന്നും ചെയ്തിട്ടില്ല, ചെയ്യാന്‍ അനുവദിക്കുകയുമില്ലെന്നാണ് നിലപാട്.
സമീപത്തുണ്ടായിരുന്ന പുരുഷന്മാരും ഇടപെട്ടു പരിഹരിക്കാന്‍ ഒരുശ്രമം നടത്തി നോക്കി. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചർച്ച നടത്തി തല്ക്കാലം പ്രശ്നം പരിഹരിച്ചു.