ലൈംഗികത എല്ലാവരുടേയും സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ ലൈംഗിക സ്വാഭിമാന ഘോഷയാത്ര. ലൈംഗിക ന്യൂപക്ഷങ്ങള്‍ക്ക് അഭിവാദ്യമർപ്പിച്ച് സംഘടിപ്പിച്ച ഘോഷയാത്രയില്‍ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ആടിയും പാടിയും ആരവം മുഴക്കിയുമാണ് കൊച്ചിയുടെ നഗര നിരത്തിലൂടെ ലൈംഗിക സ്വാഭിമാന ഘോഷയാത്ര കടന്നു പോയത്. ഹൈക്കോടതി ജങ്ഷനിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര മഹാരാജാസ് കോളജ് ക്യാമ്പസിലെത്തിയതോടെ ആവേശം അണപൊട്ടി.
ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി ലൈംഗിക ന്യൂനപക്ഷങ്ങൾ നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ചലച്ചിത്ര നടി റിമ കല്ലിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലൈംഗികത വ്യക്തി സ്വാതന്ത്ര്യമെന്ന പ്രഖ്യാപനവുമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. ക്വിയര്‍ പ്രൈഡ് കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ എട്ടാം തവണയാണ് ലൈംഗിക സ്വാഭിമാന ഘോഷയാത്ര സംഘടിപ്പിക്കുന്നത്.