ജനമൈത്രി പൊലീസിന്റെ ഭാഗമായി കൊച്ചിയില്‍ ഭവനസന്ദര്ശനത്തിനിറങ്ങിയ പൊലീസുദ്യോഗസ്ഥര്‍ക്കു മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് ജനം. അനധികൃത പാര്‍ക്കിങ് മുതല്‍ കൊതുകുശല്യം വരെയുള്ള വിഷയങ്ങള്‍ പരാതിയായി പൊലീസിനു മുന്നിലെത്തി. ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജി പറഞ്ഞു.
ജനങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യരെ പിടിക്കാം, കൊതുകിനെ പിടിക്കാന്‍ വകുപ്പില്ലെന്നാണ് ഭവനസന്ദര്‍ശനത്തിനെത്തിയ പൊലീസിന്റെ നിലപാട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഓരോ വീടുകളും കയറിയിറങ്ങുന്നത്. കലക്ടര്‍ , ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളാണ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും ഭവന സന്ദര്‍ശനം ഉപകരിക്കുമെന്ന് കെ. ലാല്‍ജി പറഞ്ഞു. ഓരോ സ്റ്റേഷനും കീഴിലുള്ള എല്ലാ വീടുകളും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിച്ച് ഈമാസം മുപ്പതിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.