എറണാകുളം ആലപ്പുഴ തീരദേശപാതയിലെ തിരുനെട്ടൂർ സ്റ്റേഷൻ റയിൽവേ പൂട്ടി. ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാളില്ലെന്ന് പറഞ്ഞാണ് റയിൽവേ, സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. ഒരുവർഷം മുമ്പാണ് സ്റ്റേഷൻ നവീകരിച്ചത്.
തിരുനെട്ടൂർ സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിച്ച് റയിൽവേ ഉത്തരവ് പുറത്തുവന്നത് കഴിഞ്ഞമാസം 27ന്. ഇവിടെ നിന്ന് ടിക്കറ്റെടുത്ത് യാത്രചെയ്യാനാളില്ലാത്തതിനാൽ കൗണ്ടറിന്റെ പ്രവർത്തനം നേരത്തെ തന്നെ നിർത്തിയിരുന്നു.
കൊച്ചിയിൽ നിന്ന് ആലപ്പുഴഭാഗത്തേക്കും തിരിച്ചും പോകുന്ന നാല് പാസഞ്ചർ ട്രെയിനുകൾക്കും രണ്ട് മെമുവിനുമാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നത്. നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും പോകുന്ന ഒട്ടേറെ യാത്രക്കാർ ഈ റയിൽവേ സ്റ്റേഷനെ ആശ്രയിച്ചിരുന്നു.
പ്രവർത്തനം അവസാനിപ്പിച്ചതോടെ കാടുകയറിയ തിരുനെട്ടൂർ സ്റ്റേഷൻ പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്.