എന്‍ജിനീയറിങ് കോളജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് മുങ്ങി ഒരു കുഞ്ഞിന്റെ ജീവന് രക്ഷിച്ച കഥയാണ് കൊച്ചി പള്ളുരുത്തി സ്വദേശി ടി.എസ്. ഷാബാസിന്റേത്. തന്റെ രക്തമൂലകോശം ദാനം ചെയ്താണ് ഹൈദരാബാദ് സ്വദേശിയായ മാനസിയുടെ ജീവന് ഷാബാസ് രക്ഷിച്ചത്. മാനസിയേയും കുടുംബത്തേയും ഷാബാസ് കൊച്ചിയില്‍ കണ്ടുമുട്ടിയത് വികാരനിര്‍ഭര രംഗങ്ങള്‍ക്ക് വഴിവച്ചു.
ഒരാള്‍ കരയുന്നതു കാണുമ്പോള്‍ സാധാരണ ആര്‍ക്കും സന്തോഷം തോന്നാറില്ല. എന്നാല്‍ ഷാബാസിനെ കെട്ടിപ്പിടിച്ച് മാനസിയുടെ അച്ഛന് കിരണ്‍കുമാര്‍ കരയുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണും മനസും സന്തോഷം കൊണ്ടു നിറഞ്ഞു. മരണത്തിലേക്ക് നീങ്ങിയ പത്തുവയസ്സുകാരി മാനസിക്ക് പുതുജീവന്‍ നല്‍കിയത് രക്തമൂലകോശം ദാനം ചെയ്യാനുള്ള ഷാബാസിന്റേയും കുടുംബത്തിന്റേയും തീരുമാനമായിരുന്നു. ക്ലാസ് കട്ട് ചെയ്ത് എന്‍എസ്എസ് ക്യാംപില്‍ പങ്കെടുത്തതാണ് ഷാബാസിന്റെ ജിവിതത്തില്‍ വഴിത്തിരിവായത്.
ജീവന് തിരിച്ചുകിട്ടിയതില്‍ മാനസിയും ഹാപ്പി. കുടുംബത്തിലെ പുതിയ അംഗമായാണ് ഷാബാസിനെ മാനസിയുടെ അച്ഛന് കിരണ്‍ കാണുന്നത്. സന്നദ്ധ സംഘടനയായ ദാത്രിയാണ് രക്തമൂലകോശദാതാക്കളുടേയും സ്വീകര്‍ത്താക്കളുടേയും സംഗമം കൊച്ചിയില്‍ സംഘടിപ്പിച്ചത്്. ഇരിങ്ങാലക്കുട സ്വദേശിയായ ഒന്നരവയസുകാരന് മുഹമ്മദ് അസ്നനും വയനാട് സ്വദേശിയായ മൂന്നുവയസുകാരി നിയ ഫാത്തിമയും അനുയോജ്യരായ രക്തമൂലകോശദാതാക്കളെ തേടി കാത്തിരിക്കുകയാണ്.