എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥികൾ ചേരിതിരഞ്ഞ് ഏറ്റുമുട്ടി. ഒന്നാംവർഷ വിദ്യാർഥികൾക്കായുള്ള വരവേൽപ് പരിപാടി നടക്കുന്നതിനിടെയായിരുന്നു സംഘർഷം. സ്ഥലത്തെത്തിയ പൊലീസിന് സംഘത്തിന് നേരെയുണ്ടായ കല്ലേറിൽ ആറ് പൊലീസുകാർക്ക് പരുക്കേറ്റു.
ഒന്നാംവർഷക്കാരെ വരവേൽക്കുന്ന പരിപാടികൾ ആഘോഷപൂർവം കോളജ് ഒാഡിറ്റോറിയത്തിൽ പുരോഗമിക്കുന്നതിനിടെയാണ് ക്യാംപസിൽ കൂടി നിന്ന ഒരു കൂട്ടം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. വാക്കേറ്റത്തിൽ തുടങ്ങി പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിന് നേരെ മുകളിലത്തെ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർഥികളും കല്ലും കുപ്പിയും എറിഞ്ഞു. ഇതോടെ പൊലീസ് ക്ലാസ് മുറിയിൽ കയറി.
സംഘർഷം അര മണിക്കൂറിലേറെ നീണ്ടുനിന്നു. എന്നാൽ പുറത്ത് നിന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന് അധ്യാപകർ പറഞ്ഞു. കല്ലേറിൽ സാരമായി പരുക്കേറ്റ പൊലീസുകാരെ ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.