കൊച്ചിയുടെ കൈക്കരുത്തില്‍ നെഹ്റു ട്രോഫി പിടിക്കാന്‍ വടക്കന്‍ പറവൂരില്‍ നിന്ന് ഗബ്രിയേല്‍ ചുണ്ടന് യാത്ര തിരിച്ചു. തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേല്‍ ചുണ്ടനുമായി പുന്നമടക്കായലിലെ ജലമാമാങ്കത്തിനെത്തുന്നത്.
സീസണിലെ ആദ്യ വള്ളംകളിയായ ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ ആയാപറമ്പ് പാണ്ടിയെ കിരീടമണിയിച്ച തുഴച്ചിലുകാരാണ് തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിനായി തുഴയെറിയുന്നത്. കൊച്ചിക്കാര്‍ക്കൊപ്പം കുട്ടനാട്, കൈനകരി, കുമരകം എന്നിവിടങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ തുഴച്ചിലുകാരും ഗബ്രിയേല്‍ ചുണ്ടനില്‍ അണിനിരക്കും. കന്നിയങ്കത്തിനിറങ്ങിയ കഴിഞ്ഞ നെഹ്റു ട്രോഫിയില്‍ ഗബ്രിയേല്‍ ചുണ്ടന് രണ്ടാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസം തുഴച്ചിലുകാര്ക്കുണ്ട്. മറ്റു ചുണ്ടന് വള്ളങ്ങളില്‍ നിന്നു വ്യത്യസ്തമായി എണ്ണം കൂട്ടി, തുഴ താഴ്ത്തി, വലിച്ചു തുഴയുന്ന കൊച്ചി ശൈലിയാണ് ഗബ്രിയേല്‍ ചുണ്ടന്റെ സവിശേഷത.
ഈമാസം പന്ത്രണ്ടിനു നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ കരുത്തരായ ദേവാസ്, നടുഭാഗം ചുണ്ടന് വള്ളങ്ങള്‍ക്കൊപ്പമാണ് ഹീറ്റ്സില്‍ ഗബ്രിയേല്‍ മല്‍സരിക്കുന്നത്. വടക്കന്‍ പറവൂരില്‍ പത്തുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഗബ്രിയേല്‍ ചുണ്ടന് ആലപ്പുഴയിലേക്ക് തിരിച്ചത്.