ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും തൃശൂര്‍ ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുവരെ ഒറ്റക്കേസ് പോലും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആളൂര്‍ സ്റ്റേഷനിലെ കേസുകള്‍ ഏതു കോടതിയില്‍ വേണമെന്ന് തീരുമാനമാകാത്തതാണ് കാരണം.
ആളൂര്‍ പൊലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത് കഴിഞ്ഞ ജൂണില്‍. രണ്ട് എസ്.ഐമാര്‍ , മൂന്ന് എ.എസ്.ഐമാര്‍ , പതിനൊന്നു പൊലീസുകാര്‍. ഇത്രയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ രണ്ടു മാസമായി വരും. പക്ഷേ, പൊലീസ് പണി എടുക്കാന്‍ കഴിയുന്നില്ലെന്നു മാത്രം. റോഡിലിറങ്ങി പെറ്റിക്കേസ് പിടിക്കല്‍ മാത്രമാണ് ഇവര്‍ക്കു ചെയ്യാന്‍ കഴിയുന്നത്. ആരെങ്കിലും പരാതിയായി വന്നാല്‍ അടുത്തുള്ള സ്റ്റേഷനുകളിലേക്കു വിടും. കൊടകര, മാള, ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകളിലേക്ക് പരാതിക്കാരെ വഴിത്തിരിച്ചു വിടാനുള്ള പബ്ലിക് റിലേഷന്‍ ഓഫിസായാണ് നിലവില്‍ ആളൂര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്.
ആളൂര്‍ സ്റ്റേഷനിലെ കേസുകള്‍ ഇരിങ്ങാലക്കുട കോടതിയില്‍ വേണോ ചാലക്കുടി കോടതിയില്‍ വേണോ എന്നുള്ളതാണ് ഇപ്പോഴത്തെ തര്‍ക്കം. ഇരുസ്ഥലത്തേയും അഭിഭാഷകര്‍ സമ്മര്‍ദ്ദവുമായി ഹൈക്കോടതിക്കു മുന്നിലുണ്ട്. ഏതു കോടതി വേണമെന്ന് അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണ്.