നെല്ല് സംഭരിച്ചതിന്റെ കുടിശിക ആറു മാസമായി കിട്ടിയിട്ടില്ലെന്ന് തൃശൂരിലെ കര്‍ഷകരുടെ പരാതി. ജില്ലയില്‍ കുടിശിക ഇനത്തില്‍ 42 കോടിരൂപയാണ് നല്‍കാനുള്ളത്. മൂന്നു ദിവസത്തിനകം കുടിശിക നല്‍കുമെന്നും ജില്ലാ സഹകരണ ബാങ്ക് മുഖേന പണം അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചത്. തൃശൂര്‍ ജില്ലയില്‍ മാത്രം നാല്പത്തിരണ്ടു കോടി രൂപയാണ് കുടിശിക. ഒരു കിലോ നെല്ലിന് സിവില്‍ സപ്ലൈസ് നല്കാമെന്നേറ്റത് 22 രൂപ അന്‍പതു പൈസ. ഈ തുകയില്‍ കര്‍ഷകര്‍ക്ക് ഇതുവരെ കിട്ടിയത് ഏഴു രൂപ എണ്പതു പൈസ മാത്രം. ബാക്കി, 17 രൂപ എഴുപതു പൈസ വീതം ഓരോ കിലോ നെല്ലിനത്തിലും ബാക്കി ലഭിക്കണം. പലിശയ്ക്കു പണം വാങ്ങി വരെ കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ നട്ടംതിരിയുകയാണ്.
എന്നാല്‍ , കുടിശിക പണം മൂന്നു ദിവസത്തിനകം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ വരുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് ഇതിനായി പണം അനുവദിച്ചു. ഇനി മുതല്‍ നെല്ല് സംഭരിച്ചതിന്റെ തുക എത്രയും വേഗം നല്കാന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.