കോട്ടയം ചിങ്ങവനത്ത് ഭാരം കയറ്റിവന്ന ടിപ്പർ ലോറി കൈത്തോട്ടിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കി സ്വദേശി ഷെറിൻ ചാക്കോയാണ് മരിച്ചത്. അപകടം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെടുക്കാനായത്. റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിന് കാരണമായെന്ന് നാട്ടുകാർ ആരോപിച്ചു. ചിങ്ങവനം വെട്ടിത്തറ റോഡിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം.
പാറപ്പൊടി കയറ്റി വന്ന ലോറി ഒാട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ കൽക്കെട്ടിനോട് ചേർന്നുള്ള ചെളിയിൽ താഴ്ന്നു. ലോറിയിൽ നിന്ന് ഇറങ്ങിയ ഡ്രൈവർ വാഹനം പരിശോധിച്ച ശേഷം വീണ്ടും ലോറിയിൽ കയറിയപ്പോഴേയ്ക്കും തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ലോറിയ്ക്കടിയിൽപെട്ട ഡ്രൈവറെ പുറത്തെടുക്കാൻ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ക്രെയിനും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തി. ഇതിനടിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തു.