നോക്കുകൂലിയില്‍ മുടങ്ങിയ ആലപ്പുഴ നഗരത്തിലെ റോഡുപണി പൊലീസ് സംരക്ഷണത്തില്‍ പുനരാരംഭിച്ചു. തൊഴില്‍വകുപ്പ് ഇടപെട്ടാണ് സംരക്ഷണം ഒരുക്കിയത്. നോക്കുകൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് എ.ഐ.ടി.യുസി തൊഴിലാളികള്‍ റോഡുപണി മുടക്കിയ വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
എസ്.ഡി. കോളജിന് മുന്‍വശത്ത് ഇന്റര്‍ലോക്ക് ഇറക്കി. നോക്കുകൂലി ചോദിച്ച് ആരും എത്തിയില്ല. ആലപ്പുഴ സൗത്ത് സി.ഐയുടെ നിര്‍ദേശപ്രകാരം മൂന്നുപോലീസുകാര്‍ കാവല്‍ നിന്നതോടെയാണ് ചുമട്ടുതൊഴിലാളികള്‍ പിന്മാറിയത്. ബസ് ബേ നിര്‍മിക്കാന്‍ കരാര്‍ എടുത്ത കമ്പനി കഴിഞ്ഞദിവസം ജില്ലാലേബര്‍ ഒാഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു.
ലേബര്‍ ഒാഫിസര്‍ ആര്. ഹരികുമാര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് പൊലീസ് സംരക്ഷണയില്‍ പണിപുനരാരംഭിച്ചത്. ടിപ്പറില്‍ ഇറക്കുന്ന ഇന്റര്‍ലോക്കിന് ലോഡ് ഒന്നിന് 2000 രൂപവീതം നോക്കുകൂലി നല്‍കണമെന്നായിരുന്നു എ.ഐ.ടി.യുസി യൂണിയന്റെ ആവശ്യം. പണം നല്‍കാതിരുന്നതോടെ പണിനിര്‍ത്താന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പ്രത്യേകതാല്‍പര്യമെടുത്ത് ആരംഭിച്ച റോഡുപണിയാണ് എ.ഐ.ടി.യു.സിയുടെ നോക്കുകൂലിയില്‍ ഉടക്കി ഒരുദിവസം മുടങ്ങിയത്.