കൊച്ചി മെട്രോയ്ക്ക് ആദ്യമാസം യാത്രാക്കൂലി ഇനത്തില്‍ നാലരക്കോടിയിലേറെ രൂപ വരുമാനം. നാല്പത്തേഴായിരത്തോളം പേരാണ് മെട്രോയിലെ ഒരുദിവസത്തെ ശരാശരി യാത്രക്കാര്‍. തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം 98,000 വരെ ഉയര്‍ന്നു.
ആദ്യ ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രാജ്യത്തെ മെട്രോ സര്‍വീസ് എന്ന ഖ്യാതിയോടെ തുടങ്ങിയ കൊച്ചി മെട്രോ പിന്നീടുള്ള ആഴ്ചകളിലും നിരാശപ്പെടുത്തിയില്ല. നാലു കോടി അറുപത്തിരണ്ടു ലക്ഷത്തി ഇരുപത്തേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിനാലു രൂപയാണ് യാത്രക്കൂലി ഇനത്തില്‍ മാത്രം കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം. 98,000 പേര് വരെ യാത്ര ചെയ്ത ദിവസമുണ്ട്.
നാല്പത്തിയേഴായിരത്തി അറുനൂറ്റിനാല്പത്തിയാറ് പേരാണ് ഒരുദിവസത്തെ ശരാശരി യാത്രക്കാര്‍. 20,000 പേര് മാത്രം യാത്ര ചെയ്ത ദിവസങ്ങളുമുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് മെട്രോയില്‍ കൂടുതല്‍ പേര് യാത്ര ചെയ്തത്. ആദ്യ ആഴ്ചയിലെ മികച്ച വരുമാനം പിന്നീടുള്ള ആഴ്ചയില്‍ നിലനിര്‍ത്താനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ആഴ്ചയില്‍ ശരാശരി അറുപത്തിയാറായിരത്തി മുന്നൂറ്റി നാല്‍പ്പത് പേരാണ് ഒരുദിവസം മെട്രോയില്‍ യാത്ര ചെയ്തത്. അടുത്തമാസം മഹാരാജാസ് കോളജ് വരെ മെട്രോ സര്‍വീസ് നീട്ടുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് മെട്രോ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. ആദ്യമാസം മെട്രോയും പരിസരവും വൃത്തിയായും കേടുപാടുകള്‍ ഇല്ലാതെയും സൂക്ഷിക്കാന്‍ ശ്രദ്ധിച്ച യാത്രക്കാര്‍ക്ക് കെ.എം.ആര്‍എല്‍ നന്ദി അറിയിച്ചു