തൃശൂരിലെ സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചതിന്റെ പേരില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥന്റെ ജീവന് പൊലിഞ്ഞതായി ബന്ധുക്കള്‍. അപകടത്തില്‍ പരുക്കേറ്റ് ചികില്‍സ തേടി സ്വകാര്യ ആശുപത്രികളില്‍ ചെന്നെങ്കിലും മടക്കി അയച്ചു.
പൊന്നാനി വാണിജ്യ നികുതി ഓഫിസിലെ ക്ലര്‍ക്കായ വിജയരാഘവന് മരിച്ചത് സ്വകാര്യ ആശുപത്രികളുടെ ക്രൂരതയാണെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഒന്‍പതിന് പൊന്നാനിയില്‍ മകനോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ആദ്യം, എടപ്പാളിലും പിന്നീട് തൃശൂരിലും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടി. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ശ്വാസംമുട്ട് കൂടിയപ്പോള്‍ വീണ്ടും ചികില്‍സ തേടി. അപ്പോള്‍ , ആശുപത്രിക്കാര് നഴ്സുമാരുടെ സമരത്തിന്റെ പേരുപറഞ്ഞ് ചികില്‍സ നിഷേധിച്ചെന്നാണ് പരാതി.
നഴ്സുമാരുടെ സമരം പൊളിക്കാനുള്ള സ്വകാര്യ ആശുപത്രിക്കാരുടെ നീക്കമാണിതെന്ന് നഴ്സുമാരുടെ സംഘടന ആരോപിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ച ശേഷം, മെഡിക്കല്‍ കോളജിലാണ് അവസാനം അഭയം തേടിയത്. ഉചിതമായ സമയത്ത് ചികില്‍സ കിട്ടാന്‍ വൈകിയതാണ് മരണകാരണമെന്നാണ് പരാതി.