ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് ഭരണം കേരളാ കോണ്‍ഗ്രസിന്. ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്തില്‍ സിപിഎം, കോൺഗ്രസ് പിന്തുണയോടെയാണ് കേരളാ കോൺഗ്രസ് അധികാരത്തിലെത്തിയത്. തിരുവൻവണ്ടൂർ പഞ്ചായത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് എമ്മിലെ ഏലിക്കുട്ടി കുര്യാക്കോസും, വൈസ് പ്രസിഡന്റായി ഗീതാ സുരേന്ദ്രനെയും തെരഞ്ഞെടുക്കപ്പെട്ടു.
ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് ഇരുവരും ജയിച്ചത്. സിപിഎം, കോൺഗ്രസ് പിന്തുണയോടെയായിരുന്നു ജയം. 13 അംഗ പഞ്ചായത്തിൽ കേരളാ കോണ്‍ഗ്രസിന് മൂന്നും , കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ട് വീതവും അംഗങ്ങളാണുള്ളത്. ആറ് അംഗങ്ങളുള്ള ബിജെപിയായിരുന്നു നേരത്തെ പഞ്ചായത്ത് ഭരിച്ചിരുന്നത്. കേരളാ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം സിപിഎമ്മും കോൺഗ്രസും പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ആലപ്പുഴ ജില്ലയിൽ ബിജെപി ഭരിച്ചിരുന്ന ഏക പഞ്ചായത്തായിരുന്നു തിരുവൻവണ്ടൂർ.