ചാലക്കുടി മേലൂരില്‍ പെട്രോള്‍ പമ്പിനെതിരായ നാട്ടുകാരുടെ സമരപന്തലിന് അജ്ഞാതര്‍ തീയിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മേലൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ചാലക്കുടി മേലൂര്‍ പഞ്ചായത്ത് പരിധിയിലെ പെട്രോള്‍ പമ്പിലെ ഇന്ധനം ചോര്‍ന്ന് കിണറുകള്‍ മലിനമായതോടെ നാട്ടുകാര്‍ സമരത്തിനിറങ്ങിയിരുന്നു. അനിശ്ചിതകാല സത്യഗ്രഹം ഈ പന്തലിലാണ് ആരംഭിച്ചത്. സമരം തുടങ്ങി പിറ്റേന്നുതന്നെ പന്തലിന് ആരോ തീയിട്ടു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പമ്പിലെ ഇന്ധനം ചോര്‍ന്ന് കിണറുകള്‍ മലിനമായി തുടങ്ങിയിട്ട് നാളേറെയായി. പ്രതിഷേധം ഉയര്‍ന്നതോടെ പമ്പ് ഉടമതന്നെ കീശയിലെ കാശു മുടക്കി ശുദ്ധജല കണക്ഷന് തരപ്പെടുത്തി. ഇതിനിടെ, കൂടുതല്‍ കിണറുകളിലേക്ക് ഇന്ധനം കലര്‍ന്നതോടെ പമ്പ് ഉടമ കൈമലര്‍ത്തി. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
വിവരമറിഞ്ഞ ഉടനെ കൊരട്ടി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ആരാണ് തീയിട്ടതെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടെ, പമ്പും ഭൂമിയും വില്ക്കാന് ഉടമ ശ്രമിക്കുന്നതായാണ് വിവരം.