തൃശൂര്‍ ശക്തന്തമ്പുരാന് ബസ് സ്റ്റാന്‍ഡില്‍ രണ്ടരക്കിലോ കഞ്ചാവ് പിടികൂടി. രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊള്ളാച്ചി ആദിവാസി ഊരില്‍ കൃഷി ചെയ്ത കഞ്ചാവാണിതെന്ന് പ്രതികള്‍ എക്സൈസിന് മൊഴിനല്‍കി. തൃശൂര്‍ ശക്തന്തമ്പുരാന് മാര്‍ക്കറ്റ് , ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഞ്ചാവ് സുലഭമായി വില്‍ക്കുന്നുണ്ടെന്നാണ് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച വിവരം.
മാര്‍ക്കറ്റ് പരിസരത്ത് മഫ്തിയില്‍ ഏറെ നാള് നീണ്ട അന്വേഷണം ഫലം കണ്ടു. കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരുടെ ഫോണ്‍ നമ്പര്‍ കിട്ടി. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വില്പനക്കാരെ ബന്ധപ്പെട്ടു. അങ്ങനെ, രണ്ടരക്കിലോ കഞ്ചാവുമായി അവര്‍ തൃശൂരില്‍ വന്നിറങ്ങി. മറയൂര്‍ സ്വദേശി സുരേഷും പൊള്ളാച്ചി സ്വദേശി രമേഷുമായിരുന്നു കച്ചവടക്കാര്‍ ഇവരെ എക്സൈസ് സംഘം കയ്യോടെ പിടികൂടി.
ഇരുപതിനായിരം രൂപയാണ് കിലോയ്ക്കു കഞ്ചാവിന്റെ വില. ഇതു പത്തു ഗ്രാമിന്റെ പൊതിയായി വില്‍ക്കുന്നത് എഴുന്നൂറു രൂപയ്ക്കാണ്. ഒരു കിലോ പൊതിയായി വിറ്റാല്‍ എഴുപതിനായിരം രൂപ വരെ കിട്ടും. ഒരു കിലോ കഞ്ചാവ് ചില്ലറയായി വില്‍ക്കുന്നയാളുടെ ലാഭം അന്‍പതിനായിരം രൂപ. ഈ ലാഭക്കണ്ണില്‍ മനക്കോട്ട കെട്ടിയാണ് കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നത്. പ്രതികളെ രണ്ടാഴ്ചത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.