തൃശൂര്‍ മരത്താക്കര പുഴമ്പള്ളം ഗ്രാമത്തിന്റെ കുടിവെള്ളം മുട്ടി. തോട്ടിലാകെ രാസമാലിന്യം കലര്‍ന്നതാണ് കാരണം. ഈ മേഖലയില്‍ ആരോഗ്യപ്രശ്നങ്ങളും രൂക്ഷം.
തൃശൂര്‍ പുത്തൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് വെള്ളം ഇങ്ങനെ മോശമായത്. തോട്ടിലെ മീനുകള്‍ ചത്തു. പരിസരമാകെ ദുര്‍ഗന്ധം. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ഉടനെ ചര്‍മരോഗം. ഇങ്ങനെ, പലവിധ പ്രശ്നങ്ങള്‍ ഒന്നിച്ചു വന്നതോടെ ഈ നാട്ടിലെ ജനങ്ങളുടെ ജീവിതം പൊറുതിമുട്ടി. ബന്ധുവീടുകളില്‍നിന്ന് വെള്ളം കൊണ്ടുവന്നാണ് പ്രശ്നത്തെ താല്‍ക്കാലികമായി നേരിടുന്നത്.
വെള്ളത്തില്‍ എങ്ങനെ രാസമാലിന്യം കലര്‍ന്നുവെന്ന് ഇനിയും വ്യക്തമല്ല. രണ്ടു കമ്പനികളില്‍ നിന്നുള്ള മാലിന്യമാണെന്നാണ് നാട്ടുകാരുടെ പ്രധാന സംശയം. വിജനമായ പാടപ്രദേശമായതിനാല് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം സ്ഥിരമായി തള്ളിയതാകാം ഒരുപക്ഷേ, വെള്ളം മലിനമാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.