എറണാകുളം പെരുമ്പാവൂരില്‍ കളള് ഷാപ്പ് തുടങ്ങുന്നതിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി സ്ത്രീകളുടെ സമരം. മൂന്ന് സ്ത്രീകളാണ് നാട്ടുകാരെയും പൊലീസിനെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. പ്രശ്നങ്ങള്‍ ജില്ലാ കലക്ടറുടെ മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തയാറായത്.
പെരുമ്പാവൂര്‍ പറമ്പിപീടികയില് കളളു ഷാപ്പ് തുടങ്ങാന്‍ തീരുമാനിച്ച കെട്ടിടത്തിനുളളില്‍ ഇന്ന് രാവിലെയാണ് മൂന്ന് സ്ത്രീകള്‍ കയറി ശരീരമാസകലം പെട്രോളൊഴിച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കിയത്. കെട്ടിടത്തിന്റെ മേല്നോട്ടക്കാരന് മുറി തുറന്നപ്പോള്‍ അപ്രതീക്ഷിതമായി ഉളളില്‍ കടന്ന ശേഷം
വാതില്‍ പൂട്ടുകയായിരുന്നു. ഷാപ്പ് തുടങ്ങാനുളള ശ്രമം ഉപേക്ഷിച്ചില്ലെങ്കില്‍ തീകൊളുത്തുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തി. സംഭവമറിഞ്ഞ് തഹസില്‍ദാറും പെരുമ്പാവൂര്‍ ഡിവൈഎസ്പിയും സ്ഥലത്തെത്തി. പുറത്തിറങ്ങിയില്ലെങ്കില്‍ മുറിക്കുളളിലേക്ക് കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകവും വെളളവും പമ്പ് ചെയ്യുമെന്ന് ഡിവൈഎസ്പിയുടെ മുന്നറിയിപ്പ്. ഒടുവില്‍ പ്രശ്നങ്ങള്‍ ജില്ലാ കലക്ടറുടെ മുന്നില്‍ ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാക്കാമെന്നും സമരത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും േകസെടുക്കില്ലെന്നും തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരമവസാനിപ്പിച്ച് പുറത്തിറങ്ങാന്‍ സ്ത്രീകള്‍ തയാറായത്.
അറുപത് ദിവസമായി നാട്ടുകാര്‍ സമരം ചെയ്തിട്ടും അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടാഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം കടുപ്പിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായത്.