ഗുരുവായൂരില്‍ ഊണിനുശേഷം ഇലകള്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിന് നഗരസഭയുടെ വിലക്ക്. ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിന് ഇലയ്ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. ഇതിനായി ദേവസ്വം അയ്യായിരം സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങും.
മാലിന്യം ഉറവിടത്തില്‍തന്നെ സംസ്ക്കരിക്കാനാണ് നഗരസഭയുടെ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നിന്നുള്ള ഇലകള്‍ എടുക്കുന്നതും നിര്‍ത്തിവച്ചു. കൈവശമുള്ള 2500 സ്റ്റീല്‍ പ്ലേറ്റ് പ്രസാദ ഊട്ടിനായി നിരത്തി ദേവസ്വം ഈ വിലക്കിനെ നേരിട്ടു. പുതിയതായി അയ്യായിരം സ്റ്റീല്‍ പാത്രങ്ങള്‍ കൂടി വാങ്ങിയാല്‍ ഭക്തര്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാം. നഗരസഭയുടെ തീരുമാനത്തോട് ദേവസ്വത്തിന് അതൃപ്തിയുണ്ട്.
അതേസമയം, ഇല എടുക്കില്ലെന്ന് നഗരസഭ ദേവസ്വത്തെ അറിയിച്ചിട്ടില്ലെന്നാണ് ചെയര്‍പേഴ്സന്റെ നിലപാട്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ദേവസ്വം പുതിയ നീക്കം നടത്തിയത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ നഗരസഭയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മാലിന്യ തള്ളുന്ന മൈതാനത്തെ പരിസരവാസികള്‍ നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ നഗരസഭ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും.