എറണാകുളം മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മധു ഇന്നലെയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കോളജ് വിദ്യാര്‍ഥി നിജില്‍ രാജ്,അപകടമുണ്ടായ ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
മൂവാറ്റുപുഴ തൊടുപുഴ പാതയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചാണ് നിര്‍മല കോളജ് ജംഗ്ഷനു സമീപം അപകടമുണ്ടായത്.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ബൈക്ക് ഓടിച്ചിരുന്ന നിര്‍മല കോളജ് വിദ്യാര്‍ഥി നിജില്രാജിന്റെ ജീവന് രക്ഷിക്കാനായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മുടവൂര്‍ സ്വദേശി മധു , കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. മരിച്ച നിജില്രാജിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് ജിഷ്ണുവും ഓട്ടോറിക്ഷാ യാത്രക്കാരനായ ശ്രീജോയും ഇപ്പോഴും പരുക്കുകളോടെ ചികില്‍സയിലാണ്.