വെള്ളത്തില്‍ മുങ്ങി ആലപ്പുഴ ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്. ഓടകള്‍ കൃത്യമായി വൃത്തിയാക്കാതിരുന്നതോടെയാണ് റയില്‍വേ സ്റ്റേഷനും ടിക്കറ്റ് കൗണ്ടറുമെല്ലാം കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയത്.
ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് നീന്തിക്കയറേണ്ട സ്ഥിതിയാണ്. സ്റ്റേഷന് മുന്നിലെ റോഡിലും, സ്റ്റേഷന്റെ മുറ്റത്തുമെല്ലാം വെള്ളം. സ്റ്റേഷന് അകത്തു കയറിയാല്‍ ടിക്കറ്റ് കൗണ്ടറിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റേഷനും പരിസരവുമെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ യാത്രക്കാരും ടാക്സിക്കാരുമെല്ലാം കുടുങ്ങി.
നിര്‍മാണത്തിലെ അപാകതകള്‍ക്ക് പുറമേ റയിവേ പൊലീസും ചെങ്ങന്നൂര്‍ നഗരസഭയും തമ്മിലുള്ള പ്രശ്നങ്ങളും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. റയിവേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഓട വൃത്തിയാക്കാനെത്തിയ ജോലിക്കാര്‍ക്കെതിരെ റയില്‍വേ പൊലീസ് മുന്‍പ് കേസെടുത്തിരുന്നു. പരസ്പര സഹകരണമുണ്ടായാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് നഗരസഭയുടെ നിലപാട്. തറനിരപ്പില്‍നിന്ന് വളരെ ഉയരത്തിലായതിനാല്‍ ട്രാക്കില്‍ വെള്ളം കയറിയില്ല.