കൊച്ചി മെട്രോയിലെ കന്നിയാത്ര അടിച്ചുപൊളിച്ച് അഗതിമന്ദിരങ്ങളിലെ കുട്ടികള്‍. സ്നേഹയാത്ര എന്ന പേരില്‍ സാമൂഹ്യക്ഷേമവകുപ്പാണ് മെട്രോയില്‍ പ്രത്യേക യാത്ര സംഘടിപ്പിച്ചത്. മന്ത്രി കെ.കെ.ശൈലജയ്ക്കൊപ്പമായിരുന്നു ഇവരുടെ യാത്ര. പൊതുജനങ്ങള്‍ക്ക് നാളെ മുതലാണ് യാത്ര അനുവദിച്ചിട്ടുള്ളത്.
സാമൂഹ്യക്ഷേമവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അന്തേവാസികളും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുമാണ് സ്നേഹയാത്രയില്‍ പങ്കെടുത്തത്. കളമശേരിയില്‍ നിന്ന് ആലുവ വരെയായിരുന്നു യാത്ര. സെല്‍ഫിയെടുത്തും പാട്ടുപാടിയും മെട്രോയിലെ ആദ്യയാത്ര ഇവര്‍ നന്നായി ആസ്വദിച്ചു. കുട്ടികള്‍ക്കൊപ്പമുള്ള യാത്ര മന്ത്രിയും ആസ്വദിച്ചു.