ആലപ്പുഴ നീരേറ്റുപുറത്ത് ആറ്റുതീരമിടിഞ്ഞ് തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. തെങ്ങിന്‍കുറ്റികള്‍ ഉറപ്പിച്ചശേഷം നടപ്പുവഴി മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ആലപ്പുഴ നീരേറ്റുപുറത്ത് ആറ്റുതീരമിടിഞ്ഞ് തകര്‍ന്ന റോഡ്, പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി തെങ്ങിന്‍കുറ്റികള്‍ ഉറപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തീരത്തിന് ബലക്കുറവുള്ളതിനാല്‍ തെങ്ങിന്‍കുറ്റികള്‍ അടിച്ചു താഴ്ത്തുമ്പോള്‍ കൂടുതല്‍ ഭാഗം ഇടിഞ്ഞുതാഴുകയാണ്.
അതിനാല്‍ ജെറ്റ് പമ്പ് ഉപയോഗിച്ച് മണ്ണ്നീക്കി കുറ്റികള്‍ താഴ്ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ട് വളരെ സാവധാനമാണ് നിര്‍മാണം പുരോഗമിക്കുന്നതും. കാഞ്ഞിരപ്പള്ളിയില്‍നിന്ന് എത്തിച്ച തെങ്ങിന്‍കുറ്റികള്‍ വള്ളത്തില്‍ കയറ്റി റോഡ് തകര്‍ന്ന ഭാഗത്ത് എത്തിച്ചാണ് നിര്‍മാണം.
ഇടിഞ്ഞുപോയ ഭാഗത്ത് നിറയ്ക്കുന്നതിനുള്ള മണല്‍ചാക്കുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. നിലവില്‍ പന്ത്രണ്ട് ലക്ഷത്തി പതിനായിരം രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ട് കേവലം നടപ്പാത മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇടിഞ്ഞുവീണ തീരത്തിനോട് ചേര്‍ന്ന് ആഴം വളരെ കൂടുതലായതിനാല്‍ വാഹനസഞ്ചാരം സാധ്യമാകുന്നവിധം റോഡ് പുനര്നിര്മിക്കണമെങ്കില് ഒരു കോടിയിലധികം രൂപ ചെലവാകും.
രണ്ടാഴ്ചമുന്‍പാണ് ചക്കുളത്തുകാവ് എന്‍.എസ്.എസ് കരയോഗത്തിന്റെ ഓഫിസ് മുതല്‍ ടി.എം.ടി ഹൈസ്കൂള്വരെയെത്തുന്ന റോഡിന്റെ ഇരുപത് മീറ്ററോളം ഭാഗം പൂര്‍ണമായും, സമീപത്തെ വീടുകളുടെ മതിലുംവരെ ഇടിഞ്ഞു താഴ്ന്നത്.