അഞ്ചുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടം അങ്കണവാടിക്കായി വിട്ടുനല്‍കുന്നില്ല. ആലപ്പുഴ ആര്യാടാണ് മാതൃകാ അങ്കണവാടിക്കെട്ടിടം പൂട്ടിക്കിടക്കുന്നത്. ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലേക്ക് കുട്ടികളെ അയക്കില്ലെന്ന നിലപാട് രക്ഷിതാക്കള്‍ സ്വീകരിച്ചതോടെ അധ്യാപികയും സഹായിയും മാത്രമുള്ള സ്ഥാപനമായാണ് ഇവിടം പ്രവര്‍ത്തിക്കുന്നത്
ആലപ്പുഴ ആര്യാട് പഞ്ചായത്തിനുകീഴിലുള്ള അങ്കണവാടിക്കായി പണിത കെട്ടിടമാണിത്. പത്തൊമ്പതുലക്ഷം രൂപ മുടക്ക്. മാതൃകാ അങ്കണവാടിയെന്ന വലിയ ചുവരെഴുത്തൊക്കെ ഉണ്ടെങ്കിലും അനുകരണീയമായ മാതൃകയല്ല ഇവിടെ നടക്കുന്നത്. പണി പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇതുവരെ അങ്കണവാടിക്കായി വിട്ടുകൊടുത്തിട്ടില്ല. നിലവില്‍ കുട്ടികള്‍ പഠിക്കുന്നത് എവിടെയെന്നു ഇനി കാണാം. ഈ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന് ആയിരം രൂപയാണ് മാസവാടക. എഴുനൂറ്റിയമ്പതുരൂപ പഞ്ചായത്തു നല്‍കും. ബാക്കി ഇരുനൂറ്റിയമ്പതുരൂപ ഇവിടുത്തെ അധ്യാപിക മിനിമോള്‍ സ്വന്തം കൈയ്യില്‍നിന്ന് മുടക്കണം. ദൃശ്യങ്ങളില്‍ കുട്ടികള്‍ ഇല്ലാത്തത് അങ്കണവാടിക്ക് അവധിയായതിനാലല്ല. ചോര്‍ന്നൊലിക്കുന്ന, വൈദ്യുതിയില്ലാത്ത, മഴ പെയ്താല്‍ മുന്നില്‍ വെള്ളക്കെട്ടുള്ള കെട്ടിടത്തിലേക്ക് കുട്ടികളെ അയക്കില്ലെന്ന് മാതാപിതാക്കള്‍ നിലപാടെടുത്തിരിക്കുന്നതിനാല്‍ പ്രവേശനോത്സവത്തിനുശേഷം ഇതാണ് അവസ്ഥ. ഒറ്റ കുട്ടിപോലുമില്ലാത്ത അങ്കണവാടി
കുട്ടികളില്ലെങ്കിലും രാവിലെ കൃത്യ സമയത്ത് അങ്കണവാടി തുറക്കും. വൈകിട്ട് അടക്കും. ഇതാണ് ഇപ്പോള്‍ പതിവ്. ജൂണ്‍ ഒന്നുമുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിന്റെ പ്രതിഷേധത്തിലാണ് രക്ഷിതാക്കള്‍. അതേസമയം കെട്ടിടത്തിനുള്ളിലെ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കെട്ടിടം വിട്ടുനല്‍കാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.