ഉദ്ഘാടന തീയതിയെ ചൊല്ലിയുളള കേന്ദ്ര സംസ്ഥാന തര്‍ക്കം രൂക്ഷമാകുമ്പോഴും സര്‍വീസ് തുടങ്ങാനുളള എല്ലാ ഒരുക്കങ്ങളും കൊച്ചി മെട്രോ പൂര്‍ത്തിയാക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നവരുടെ വാഹന പാര്‍ക്കിങ്ങിനുളള സൗകര്യമില്ലായ്മ മാത്രമാണ് ആശങ്കയുയര്‍ത്തുന്ന ഏക ഘടകം.
ആലുവ മുതല്‍ പാലാരിവട്ടം വരെ പതിനൊന്ന് സ്റ്റേഷനുകളുണ്ട് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തില്‍. ഇതില്‍ പതിനൊന്നും സര്‍വീസ് നടത്താന്‍ പാകത്തില്‍ സജ്ജമായി കഴിഞ്ഞു. എങ്കിലും സര്‍വീസ് തുടങ്ങിയാലും അവസാവട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാന്‍ പിന്നെയും സമയമെടുക്കും. എന്നാല്‍ ബാക്കിയുളള ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെട്രോ സര്‍വീസിനെ ബാധിക്കില്ലെന്നാണ് കെഎംആര്‍എല്‍ നിലപാട്. സിഗ്നലിങ് സംവിധാനവും ട്രാക്കുകളുടെ കാര്യക്ഷമതയും ആവര്‍ത്തിച്ചുളള പരീക്ഷണ ഓട്ടത്തിലൂടെ കുറ്റമറ്റതെന്ന് വിലയിരുത്തുകയും ചെയ്തു.
ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നത് മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള ഇടത്തെ കുറിച്ച് മാത്രമാണ്. ഏറ്റവും വലിയ മെട്രോ സ്റ്റേഷനായ ആലുവയിലെ പാര്‍ക്കിങ് ബേയില്‍ പോലും പാര്‍ക്ക് ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം തീരെ പരിമിതമാണ്.
പാര്‍ക്കിങ് സംവിധാനങ്ങള്‍ ഒരുക്കാതെ മെട്രോ സര്‍വീസ് തുടങ്ങിയാല്‍ കുറച്ചു കാലത്തേക്കെങ്കിലും നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുമോ എന്ന ഈ ആശങ്ക ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാ അര്‍ഥത്തിലും കൊച്ചി മെട്രോ യാത്രയ്ക്കൊരുങ്ങിക്കഴിഞ്ഞു.