കോട്ടയത്ത് റോഡിൽ കാറിനുള്ളിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം. ഒരു മണിക്കൂറിനുള്ളിൽ മൂന്നു തവണ ആക്രമണം നടത്തിയ സംഘം വധഭീഷണി മുഴക്കിയാണ് മടങ്ങിയത്. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് വീട്ടുകാർ പൊലീസിന് മൊഴിനൽകി.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വി.കെ. സുകുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. രാത്രിയിൽ സുകുവിന്റെ വീടിനു സമീപം കാർ പാർക്ക് ചെയ്ത് കാറിനുള്ളിൽ ഇരുന്നു മദ്യപിച്ച ചെറുപ്പക്കാരെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. വീടിനു സമീപത്തു നിന്നു കാർ മാറ്റണമെന്നാവശ്യപ്പെട്ടതോടെ ഇവർ സുകുവിന്റെ നേരെ അസഭ്യം പറഞ്ഞു. ഇതോടെ വീടിനുള്ളിലേക്കു പോയ സുകുവിനെ പിന്തുടർന്നു ആക്രമണം നടത്തുകയായിരുന്നു.
ഇവർ ആദ്യം കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്തതോടെ സുകുവിന്റെ ഭാര്യയും മക്കളും തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷം കൂടുതൽ ആൾക്കാരെ കൂട്ടിയെത്തിയാണ് കൂടുതൽ ആക്രമണം നടത്തിയത്. ഭരണകക്ഷിയിൽപ്പെട്ട വിദ്യാർഥി യൂണിയന്റെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു വീട്ടുകാർ പൊലീസിനു മൊഴി നൽകി. ഇയാളും മറ്റു രണ്ടുപേരുമാണ് കാറിൽ ആദ്യം ഉണ്ടായിരുന്നത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.
Advertisement