സ്ട്രീറ്റ് ആർടിന് പുതിയ മാനങ്ങൾ തീർക്കുകയാണ് മരട് സ്വദേശി സച്ചിൻ സാംസൺ. ഫോർട്ട് കൊച്ചിയിലെ ചുമരുകളിൽ സച്ചിൻ ചാർക്കോളിൽ തീർക്കുന്ന ചിത്രങ്ങൾ യഥാർഥ ജീവിതത്തിൽ നിന്നുള്ളതാണ്.
സച്ചിനെ ഞങ്ങൾ കാണുമ്പോൾ ഫോർട്ട് കൊച്ചിയിലെ ഒരു മതിൽ ക്യാൻവാസാക്കി പുതിയ ചിത്രമൊരുക്കുകയായിരുന്നു. കോറിയിട്ട വരകളിൽ നിന്ന് പുതിയ രൂപങ്ങൾ തെളിഞ്ഞു. ഹോൾഡ് ഗ്രാഫിറ്റി എന്ന ചുവർ ചിത്രകലയാണ് സച്ചിൻറെ കൈകൾക്ക് വഴങ്ങുക. പൊതു ഇടത്തിലെ ചുവരുകൾ ക്യാൻവാസുകളാക്കി സച്ചിൻ വരയ്ക്കുന്ന ചിത്രങ്ങൾക്ക് മിഴിവേറും.
കണ്ട് ശീലിച്ച ചിത്രങ്ങളല്ല സച്ചിനൊരുക്കുന്നത്. ചുറ്റുപാടും കാണുന്ന സാധാരണ ജീവിതങ്ങളിൽ നിന്ന് കഥാപാത്രങ്ങൾ സച്ചിന്റെ ചുവർ ക്യാൻവാസിലേക്കെത്തും, ഫോർട്ട് കൊച്ചിയിലെ ചായക്കടയിൽ വച്ച് ഒരിക്കൽ പരിചയപ്പെട്ട വ്യക്തിയെ സച്ചിൻ മറ്റൊരു മതിലിൽ മുൻപ് വരച്ചിട്ടതും കണ്ടാണ് മടങ്ങിയത്.