indigo-flight
  • യാത്രക്കാര്‍ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ
  • അതിര്‍ത്തിയില്‍ കൂടുതല്‍ ആകാശ് ആന്‍റി മിസൈലുകള്‍
  • പ്രധാനമന്ത്രി വീണ്ടും രാഷ്ട്രപതിയെ കണ്ടേക്കും

അതിര്‍ത്തിയില്‍ പാക് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ശ്രീനഗര്‍ ഉള്‍പ്പടെ പത്തിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ഇന്‍ഡിഗോ. ശ്രീനഗറിന് പുറമെ  ജമ്മു, അമൃത്​സര്‍, ലേ, ചണ്ഡീഗഡ്, ധരംശാല, ബിക്കാനീര്‍, ജോധ്പുര്‍, കിഷന്‍ഗഡ്, രാജ്കോട്ട് എന്നീ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് മേയ് 10 വരെ നിര്‍ത്തിവച്ചത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും എക്സ് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാര്‍ ഔദ്യോഗികമായ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

അതിനിടെ അതിര്‍ത്തിയില്‍ കൂടുതല്‍ ആകാശ് ആന്‍റി മിസൈലുകള്‍ വിന്യസിച്ച് സൈന്യം. പഞ്ചാബിലും ജമ്മുവിലുമാണ് ആകാശ് മിസൈലുകള്‍ കൂടുതലായി വിന്യസിച്ചത്. പാക്കിസ്ഥാന്‍റെ ചൈനീസ് നിര്‍മിച ജെഎഫ്–17 യുദ്ധവിമാനം വീഴ്ത്തിയത് ആകാശ് ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. പഞ്ചാബിലെ ഹോഷിയാര്‍പുറില്‍ നിന്ന് ചൈനീസ് നിര്‍മിത എയര്‍ ടു എയര്‍ മിസൈല്‍ കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ ജയ്സല്‍മേറും ചണ്ഡീഗഡും ആക്രമിക്കാനുള്ള പാക് ശ്രമം ഇന്ത്യ തകര്‍ത്തിരുന്നു. പഠാന്‍കോട്ട് വ്യോമതാവളവും ചണ്ഡീഗഡും ജയ്സല്‍മേറും സുരക്ഷിതമാണെന്നും സൈന്യം അറിയിച്ചു.

അതേസമയം, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി വീണ്ടും രാഷ്ട്രപതിയെ കണ്ടേക്കും. സൈനികമേധാവികളുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Amid escalating border tensions and Pakistani aggression, IndiGo temporarily suspends flight services to ten destinations including Srinagar, Jammu, Leh, Amritsar, and Chandigarh until May 10. Passengers are advised to follow official updates closely.