മലമുകളിലെത്താന്‍ ഇനി ബുദ്ധമുട്ടേണ്ട. ട്രെക്കിങ് സുഗമമാക്കാന്‍ എസ്കലേറ്റര്‍ സ്ഥാപിച്ച് ചൈന. യാത്രാക്ലേശം അനുഭവിക്കാതെ സഞ്ചാരികള്‍ക്ക് മലമുകളിലെത്തി ആകാശക്കാഴ്ച്ച ആസ്വദിക്കാനായാണ് ചൈന ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. മലകളിലും പര്‍വ്വതങ്ങളിലും എസ്ലേറ്റര് സ്ഥാപിക്കുന്ന ആശയം ഇതാദ്യമായല്ല ചൈന അവതരിപ്പിക്കുന്നത്. അതിവിചിത്രമെന്ന് തോന്നാവുന്ന ഈ ആശയം മുന്‍പേ യാഥാര്‍ഥ്യമാക്കിയവരാണ് ചൈനക്കാര്‍. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതുപ്രായക്കാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളെ മറന്ന് അനായാസം മലമുകളിലെത്താമെന്നതാണ് ഈ എസ്കലേറ്റര്‍ സംവിധാനത്തിന്‍റെ പ്രത്യേകത. എന്നാല്‍ ഇങ്ങനെ മലകയറിയിട്ട് എന്തുകാര്യമെന്നാണ് വിമര്‍ശകരുടെ ചോദ്യം. ചൈനയില്‍ കൂടുതല്‍ സഞ്ചാരികളെത്തുന്ന ഒന്നിലധികം മലകളില്‍ ഈ എസ്കലേറ്റര്‍ സംവിധാനം ചൈന ഒരുക്കിയിട്ടുണ്ട്. സമീപകാലത്ത് പുതിയയൊന്ന് കൂടി സ്ഥാപിച്ചതോടെയാണ് ചിത്രങ്ങള്‍ സോഷ്യലിടത്ത് ശ്രദ്ധയാകര്‍ഷിച്ചത്. ഇതോടെ വിമര്‍ശകരും രംഗത്തെത്തുകയായിരുന്നു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെല്ലാം ഇത് വലിയ സഹായം ചെയ്യുമെന്ന് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടു.
അതേസമയം പര്‍വതാരോഹണം എന്ന ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതാണ് ഈ നടപടിയെന്നാണ് വിമര്‍ശകരുടെ പക്ഷം. മാത്രമല്ല പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നടപടിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് ചൈനയിലെ ഷീജിയാങ് പ്രവിശ്യയിലെ ട്യാന്യു മലനിരകളില്‍ എസ്‌കലേറ്റര്‍ സ്ഥാപിച്ചത്. നേരത്തെ ഒരു മണിക്കൂറിലേറെ സമയമാണ് മലമുകളിലെത്താന്‍ വേണ്ടിയിരുന്നത്. എന്നാല്‍ എസ്കലേറ്റര്‍ വന്നതോടെ അത് 10 മിനിറ്റ് ആയി ചുരുങ്ങി. ഇതോടെ ഇവിടേയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി.
എന്നാല്‍ എസ്ലേറ്ററിന്റെ സഹായത്തോടെയുളള മലകയറ്റത്തിന് ശരിയായ സംതൃപ്തി ലഭിക്കില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. അതേസമയം എല്ലാവര്‍ക്കും മലമുകളിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ എസ്കലേറ്റര്‍ സഹായിക്കുമെന്ന് മറ്റുചിലരും ചൂണ്ടിക്കാട്ടുന്നു.