ബോറടിച്ചിരിക്കുമ്പോൾ ഇൻസ്റ്റാഗ്രാമിൽ കയറി റീൽസ് കണ്ട് സമയം ചെലവഴിക്കാറുണ്ടോ? അല്ലെങ്കിൽ ഏറ്റവും ട്രെന്‍ഡിംഗായ റീലുകള്‍ ഫോണിൽ പതിവായി സ്‌ക്രോള്‍ ചെയ്യുന്നവരാണോ? എങ്കിൽ നിങ്ങൾക്കായി ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഒരു വാക്ക് കണ്ടെത്തിയിട്ടുണ്ട്. അതാണ് ബ്രെയിൻ റോട്ട്. ഓക്‌സ്‌ഫോര്‍ഡ് 2024ലെ വേര്‍ഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത വാക്കാണ് ബ്രെയിന്‍ റോട്ട്.
ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് ശേഖരിച്ച ഈ വർഷത്തെ ആറ് വാക്കുകളിൽ നിന്നാണ് ഈ വാക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 37,000 വോട്ടുകളാണ് ഈ വാക്കിനു ലഭിച്ചത്.
ഈ വർഷത്തെ വാക്കായി ബ്രെയിൻ റോട്ടിനെ തിരഞ്ഞെടുക്കാൻ കാരണമെന്ത്?
ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ അപചയമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലളിതമായി പറഞ്ഞാൽ നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ അല്ലെങ്കിൽ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ നിലവാരത്തിന് ഉണ്ടാകുന്ന തകര്‍ച്ചയെ ബ്രെയിന്‍ റോട്ട് എന്ന് പറയാം. പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ കൂടുതൽ സമയം ചെലവഴിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്.
പരിധിയിൽ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നതിലൂടെ വ്യക്തികളുടെ ആശയവിനിമയത്തിലും പെരുമാറ്റത്തിലും മാറ്റം വരുന്നു.
ഡോ. റിച്ച് ബ്രെയിൻ റോട്ടിനെ കുറിച്ച് പറഞ്ഞതിങ്ങനെ, എന്റെ പല സുഹൃത്തുക്കളും ബെയിന്‍ റോട്ടിനെ ഒരു ബഹുമതിയായി ആയിട്ടാണ് കാണുന്നത്. അതായത്, വിഡിയോ ഗെയിമുകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നത് പോലെയാണ് അവര്‍ അതിനെ കാണുന്നത്. ഒരു വലിയ കാര്യമെന്ന മട്ടില്‍ അവര്‍ സ്‌ക്രീനില്‍ കൂടുതൽ സമയം ചെലവഴിക്കാന്‍ മത്സരിക്കുന്നു.
2023 മുതല്‍ 2024 വരെ ഇന്റര്‍നെറ്റിന്റെ ഉപയോഗം 230 ശതമാനമാണ് ഉയര്‍ന്നിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ വാക്കിന്റെ പ്രസക്തി വളരെ വലുതാണ്. ഇന്റര്‍നെറ്റിന്റെ ഉപയോഗം പ്രാബല്യത്തില്‍ വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ബ്രെയിന്‍ റോട്ട് എന്ന പദം ഉപയോഗത്തിലുണ്ടായിരുന്നു. 1854ല്‍ ഹെന്റി ഡോവിഡ് തോറോ തന്റെ ‘വാള്‍ടന്‍’ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. സങ്കീര്‍ണമായ ആശയങ്ങളെ വിലകുറച്ച് കാണിക്കുന്ന സമൂഹത്തിന്റെ പ്രവണതയെക്കുറിച്ചും ഇത് മാനസിക, ബൗദ്ധിക തലത്തിലുണ്ടാക്കുന്ന തകര്‍ച്ചയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
മാതാപിതാക്കളെയും കുട്ടികളെയും മികച്ച ഓണ്‍ലൈന്‍ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിന് ഇന്റര്‍നെറ്റ്, ഫോണ്‍ ഉപയോഗം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ‘നല്ലതും ചീത്തയും’ എന്നതില്‍ നിന്ന് ‘ആരോഗ്യമുള്ളതും ആരോഗ്യം കുറഞ്ഞതും’ എന്നതിലേക്ക് പുനര്‍നിര്‍മ്മിക്കുക എന്നതാണ് ബ്രെയിൻ റോട്ട് നിയന്ത്രിക്കാൻ ആവശ്യം.