എയര്‍പോര്‍ട്ടിലിരുന്ന് ട്രോളി ബാഗ് കഴിക്കുന്ന ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. എയര്‍പോര്‍ട്ടിലുളള സഹയാത്രക്കാര്‍ യുവതി ട്രോളി ബാഗ് കഴിക്കുന്നത് കണ്ട് അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. യുവതിയുടെ ട്രോളി ബാഗ് എങ്ങനെ കേക്ക് ആയി എന്നാണ് വിഡിയോ കണ്ടവരില്‍ ചിലരുടെ ചോദ്യം. കാഴ്ചയില്‍ അസ്സലൊരു ട്രോളി ബാഗ് ആണെങ്കിലും സംഭവം കേക്ക് തന്നെയാണ്.
റിയലിസ്റ്റിക് കേക്കുകള്‍ എന്നാണ് ഇത്തരം കേക്കുകള്‍ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഭക്ഷണ ട്രെന്‍ഡുകളില്‍ മുന്നിലാണ് റിയലിസ്റ്റിക് കേക്കുകള്‍. കണ്ടാല്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് റിയലിസ്റ്റിക് കേക്കുകള്‍ തയ്യാറാക്കുന്നത്. ഭക്ഷണം എന്നാല്‍ വിശപ്പകറ്റാന്‍ മാത്രമല്ല, അങ്ങേയറ്റം സൂക്ഷ്മമായ ഒരു കല കൂടിയാണെന്ന് ഇവ തെളിയിക്കുന്നു. വിഡിയോയില്‍ കാണുന്ന യുവതിയുടെ കയ്യിലുളളതും റിയലിസ്റ്റിക് കേക്ക് തന്നെ.
തന്‍റെ ട്രോളി ബാഗുമായി എയര്‍പോര്‍ട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന യുവതിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നീട് ആര്‍ത്തിയോടെ യുവതി തന്‍റെ ട്രോളി ബാഗ് കഴിക്കുകയാണ്. ഇതാണ് സഹയാത്രക്കാരെ അദ്ഭുതപ്പെടുത്തിയത്. അത്രക്ക് റിയലിസ്റ്റിക്കാണ് യുവതിയുടെ പക്കലുളള ട്രോളി കേക്ക്. വിഡിയോയുടെ അവസാനം യാത്രക്കാരെല്ലാം ട്രോളി കേക്ക് പങ്കുവെച്ച് കഴിക്കുന്നതും കാണാം.
മയാര കാര്‍വാല്‍ഹോ എന്ന യുവതിയാണ് ഈ വിഡിയോ പങ്കുവച്ചത്. ഇത് മാത്രമല്ല, രസകരമായ ഒട്ടേറെ കേക്കുകള്‍ മയാര മുന്നേയും തയാറാക്കിയിട്ടുണ്ട്. വിഡിയോ വൈറലായതോടെ മയാരയുടെ റിയലിസ്റ്റ് ട്രോളി കേക്കിന് കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം.