photo courtesy: yucca_latteart

photo courtesy: yucca_latteart

TOPICS COVERED

രാവിലെ എഴുന്നേറ്റാല്‍ സ്വാദുള്ള ഒരു കാപ്പി കുടിക്കുന്നത് ഓര്‍ത്തുനോക്കൂ. നല്ല കാപ്പിയുടെ മണം തന്നെ മനംകവരും. ഇനി എത്ര തവണ ഉണ്ടാക്കിയാലും കാപ്പിക്ക് ആ ഫീല്‍ ഇല്ലെന്നാണോ. പരിഹാരമുണ്ട്. 

കടയില്‍ നിന്ന് വാങ്ങുന്ന കാപ്പിപ്പൊടിയേക്കാള്‍ വീട്ടിലുണ്ടാക്കുന്ന കാപ്പിപ്പൊടി മുന്നില്‍ നില്‍ക്കുമെന്ന് അറിയാമല്ലോ. കാപ്പിക്കുരു പാകത്തിനു വറുക്കുന്നതു കൊണ്ടാണ് നല്ല വാസനയും രുചിയും ഉണ്ടാകുന്നത്. കരിഞ്ഞാല്‍ രുചി പാടെ മാറും. വറുക്കുമ്പോൾ അടുപ്പിൽ ഒരേ ക്രമത്തിൽ പാകത്തിനു തീ ഉണ്ടാകണം. ചൂടായ ചീനച്ചട്ടിയിൽ കാപ്പിക്കുരു ഇട്ടു മുഴുവൻ സമയവും തുടരെ ഇളക്കി ക്രമത്തിനു മൂപ്പിക്കണം. വറുക്കുന്ന സമയത്ത് ഇടയ്ക്കിടെ പാത്രം ഇറക്കിവയ്ക്കുകയും വീണ്ടും അടുപ്പിൽ വയ്ക്കുകയും ചെയ്താൽ കാപ്പിക്കുരു കല്ലിച്ചു പോകും. കാപ്പിക്കുരു കുമിളച്ചു തവിട്ടു നിറമാകുമ്പോൾ വാങ്ങിവയ്ക്കാം. അധികം മൂത്താൽ കാപ്പിക്കുരുവിൽ നിന്ന് എണ്ണമയം ഇറങ്ങി പൊടിക്ക് അരുചി ഉണ്ടാകും. വറുത്ത കാപ്പിക്കുരു വായു കടക്കാത്ത തകരപ്പാത്രത്തിൽ ഇട്ടു സൂക്ഷിച്ചാൽ അധികനാൾ കേടുകൂടാതെയിരിക്കും. ആവശ്യാനുസരണം അപ്പപ്പോൾ പൊടിച്ചു കാപ്പി ഉണ്ടാക്കിയാൽ സ്വാഭാവികമായ സുഗന്ധമുള്ള കോഫി കുടിക്കാം.

കാപ്പി തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തിൽ കഴുകിത്തുടച്ച് ഉണക്കിവയ്ക്കണം. രണ്ടു ടീസ്പൂൺ കാപ്പിപ്പൊടി അതിൽ ഇടുക. ഒരു കപ്പു നിറയെ തിളച്ച വെള്ളം ഒഴിച്ച് ഇളക്കി മീതേ അൽപം പച്ചവെള്ളം തളിച്ചു പാത്രം മൂടുക. പൊടി അടിയാനാണ് വെള്ളം തളിക്കുന്നത്. പൊടി ശരിക്ക് അടിഞ്ഞാൽ കാപ്പി എടുത്തു ചൂടു പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കാം.

കാപ്പി വീണ്ടും ചൂടാക്കിയാൽ രുചി കുറയും. സുഗന്ധം നഷ്ടപ്പെടുകയും ചെയ്യും. തണുത്ത കാപ്പി ചെറുതീയിൽ വച്ച് അൽപം ചൂടാക്കി തിളച്ച പാൽ കൂട്ടിച്ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കാപ്പിയും പാലും ഒന്നിച്ച് ഒഴിച്ച് തിളച്ച വെള്ളത്തിൽ അൽപനേരം പിടിച്ചു ചൂടാക്കുന്നതും കൊള്ളാം. നിവൃത്തിയുണ്ടെങ്കിൽ കാപ്പി ഉണ്ടാക്കിയശേഷം വീണ്ടും ചൂടാക്കരുത്. കാപ്പിക്ക് ചായയ്ക്കു ചേർക്കുന്നത്ര പഞ്ചസാര വേണമെന്നില്ല. മധുരം അധികമായാൽ രുചി കുറയും. കാച്ചിയ പുതിയപാൽ കാപ്പിക്കും ചായയ്ക്കും സ്വാദുകൂട്ടും. കാപ്പിയും ചായയും ഉണ്ടാക്കുന്ന പാത്രങ്ങൾ ഇടയ്ക്കിടയ്ക്കു തിളച്ചവെള്ളത്തിൽ കഴുകിത്തുടച്ചു വെയിലത്തുവച്ച് ഉണക്കുന്നതു നല്ലതാണ്.

പുതിയ കാപ്പിപ്പൊടി ഉപയോഗിക്കുക എന്നതാണ് പ്രധാനം. പാത്രം വൃത്തിയുള്ളതായിരിക്കുകയും വേണം. ചായ ഉണ്ടാക്കിയ പാത്രത്തിൽ കാപ്പി തയാറാക്കരുത്. കാപ്പിയും ചായയും തയാറാക്കുന്ന പാത്രങ്ങൾ മറ്റു പാചകത്തിന് ഉപയോഗിക്കുകയുമരുത്.

English Summary::

Creating the perfect cup of coffee at home is an art. With the right techniques and a few expert tips, you can transform your morning routine and enjoy cafe-quality coffee without leaving your kitchen. These practical tips will help you brew a delicious and satisfying cup of coffee every time. Enjoy the rich aroma and exquisite taste of homemade coffee with these simple yet effective guidelines.