Image Credit : Instagram / dhhairlounge_hairstylist
താരങ്ങളുടെ മുടിവെട്ടി താരമായി ഡാനിഷ് ഹനീഫ്. ഇന്ത്യയിൽ നിന്ന് സിനിമ, ക്രിക്കറ്റ് സൂപ്പർ താരങ്ങളും മറ്റു സെലിബ്രിറ്റികളും ഉളപ്പെടെ നിരവധിയാളുകളാണ് ഡാനിഷിന്‍റെ മുന്നിലെത്തുന്നത്. ദുബായിലെ അറിയപ്പെടുന്നൊരു ഹെയർ സ്റ്റൈലിസ്റ്റാണ് ഈ ഡൽഹിക്കാരൻ. ഗുസാരിഷ് എന്ന ചിത്രത്തിന്റെ നിർമാണവേളയില്‍ ഹൃത്വിക് റോഷനാണ് ഡാനിഷ് ആദ്യമായി ഹെയർ സ്റ്റൈൽ ഒരുക്കിയത്.
ഹൃത്വിക് റോഷൻ, സഞ്ജയ് ദത്ത്, നിവിൻ പോളി എന്നിവരെല്ലാം കരാമയിലെ ഡാനിഷ് ഹനീഫിന്‍റെ സലൂണിലാണ് മുടി വെട്ടുന്നത്. അർജുൻ കപൂർ, ഷാഹിദ് കപൂർ, രൺവീർ സിങ്, ക്രിക്കറ്റ് രംഗത്ത് നിന്ന് ഹർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ, കെ.എൽ.രാഹുൽ, വീരേന്ദൻ സെവാഗ്, ശുഭ് മാൻ ഗിൽ, പാക്കിസ്ഥാനി ഗായകരായ ആതിഫ് അസ്‌ലം, ഷഫ്ഖത് അമാനത് അലി ഖാൻ തുടങ്ങിയവരെല്ലാം സ്ഥിരം സന്ദർശകരാണ്.
മറ്റ് സലൂണുകളെ അപേക്ഷിച്ച് ഡാനിഷിന്‍റെ സലൂണില്‍ മുടി വെട്ടാന്‍ ചെലവേറെയാണ്. വെറുതെ മുടി മുറിക്കാന്‍ മാത്രം പതിവായി വരുന്നവരില്‍ നിന്ന് 150 ദിര്‍ഹമാണ് വാങ്ങാറുള്ളത്. ഇതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം. ഇനി ബിസിനസ്, വിഐപി വ്യക്തികളാണെങ്കില്‍ 150 എന്നതിനുപകരം 1500 ദിർഹം നല്‍ക്കേണ്ടിവരും. എന്നാല്‍ ഇവിടെ വരുന്ന സെലിബ്രിറ്റികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നാണ് യുവാവിന്‍റെ നിലപാട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ ഹെയർ സ്റ്റൈലിസ്റ്റായ ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ നിരക്ക് വാങ്ങുന്നതെന്നാണ് അഭിപ്രായം.
സൂപ്പര്‍ താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റ് ആയതുകൊണ്ടുമാത്രമല്ല, കഠിനാധ്വാനവും ആത്മാർഥമായ പ്രയത്നവുമാണ് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് ഡാനിഷ് പറഞ്ഞു. തന്‍റെ പിതാവ് ഡൽഹിയിലെ അറിയപ്പെടുന്ന ബാർബറായിരുന്നുവെന്നും അദ്ദേഹത്തെ കണ്ട് പഠിച്ചാണ് ഈ മേഖലയിലേക്ക് എത്തിയത്. പിന്നീട് ബോളിവുഡ് താരങ്ങളുടെ പ്രിയ ഹെയർ സ്റ്റൈലിസ്റ്റായ ആലിം ഹക്കീമിനെക്കുറിച്ച് കേൾക്കുകയും ഡൽഹിയിൽ നിന്ന് 2007ൽ മുംബൈയിലേക്ക് വന്നു അദ്ദേഹത്തോടൊപ്പം ജോലി ആരംഭിക്കുകയും ചെയ്തു.
2010ൽ പ്രവർത്തനമേഖല ദുബായിലേയ്ക്ക് മാറി, 2016ൽ കരാമയിൽ സ്വന്തമായി സ്ഥാപനം ആരംഭിച്ചു. ദുബായിൽ സിനിമാ ചിത്രീകരണത്തിന് എത്തുന്ന താരങ്ങളൊക്കെ ഡാനിഷിന്റെ സലൂണിലെത്താറുണ്ട്. ആദ്യം 2500 ദിർഹം മാത്രമായിരുന്നു പ്രതിമാസ ശമ്പളം. ഇന്ന് 45,000 ദിർഹത്തോളം ഒരു മാസം സമ്പാദിക്കുന്നു. യുഎഇയിൽ വിവിധയിടത്തായി നാല് സലൂണുകളാണ് നിലവിലുള്ളത്.