മനസുതുറന്നൊന്ന് ചിരിക്കാന്‍ കഴിഞ്ഞാല്‍ പകുതി ആത്മവിശ്വാസം അതില്‍ നിന്ന് തന്നെ നമുക്ക് ലഭിക്കും. എന്നാല്‍ ചിരിക്കണമെന്ന് മനസു പറഞ്ഞാലും ചിരിക്കാന്‍ കഴിയുന്നില്ലെങ്കിലോ? പല്ലിലെ കറയും മഞ്ഞനിറവും കാരണം നല്ലപോലെന്ന് ചിരിക്കാന്‍ മടി കാണിക്കുന്നവരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മറ്റുളളവര്‍ എന്തുകരുതും എന്ന് ചിന്തിച്ച് ആത്മവിശ്വാസക്കുറവ് മൂലം ചിരി അടക്കിപ്പിടിക്കേണ്ട ആവശ്യമില്ല. പല്ലിലെ മഞ്ഞനിറവും കറയും അകറ്റാനുളള പൊടിക്കൈകള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്.
പലകാരണങ്ങള്‍ കൊണ്ട് പല്ലില്‍ മഞ്ഞനിറം ഉണ്ടാകാം. പല്ലിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ കടുത്ത മഞ്ഞ നിറം പ്രകടമാക്കാറുണ്ട്.. പ്രായം കൂടും തോറും പല്ലിന്റെ ഇനാമൽ കുറഞ്ഞുവരുന്നതിനാൽ മഞ്ഞ നിറമായി മാറുന്നതും പതിവാണ്. അലോപ്പതിയിൽ നിർദേശിക്കുന്ന ചില മരുന്നുകൾ കഴിക്കുമ്പോഴും പല്ലിന്റെ വെളുത്ത നിറം നഷ്ടപ്പെട്ടേക്കാം. കീമോതെറാപ്പിയും റേഡിയേഷനും ചെയ്യേണ്ടി വരുന്നവരുടെയും പല്ലിന്റെ നിറം മാറും. ഇനി വൃത്തിക്കുറവ് ഒരു പ്രധാനഘടകം തന്നെയാണ്. അതുപോലെ പുകവലി, മദ്യപാനം, മുറുക്കാന്‍ ചവയ്ക്കുന്നതുമെല്ലാം പല്ലിന്‍റെ ആരോഗ്യത്തെയും നിറത്തെയും ബാധിക്കും. കാര്‍ബണേറ്റഡ് പാനീയങ്ങളുടെ ഉപയോഗവും പല്ലിന്‍റെ നിറം കെടുത്തും. അമിതമായി പല്ലുതേക്കുന്നതും പല്ലിന്‍റെ ഇനാമല്‍ നഷ്ടപ്പെട്ട് നിറം മങ്ങാന്‍ കാരണമാകാറുണ്ട്.
ഇനി വീട്ടില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം
ബേക്കിങ് സോഡ–നാരങ്ങ നീര്
1 ടീസ്പൂൺ ബേക്കിങ് സോഡയും 1 ടേബിൾ സ്പൂൺ നാരങ്ങ നീരും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് പല്ലിൽ തേക്കുക. നിങ്ങൾക്ക് ടൂത്ത് ബ്രഷ് കൊണ്ടോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. ശേഷം ഇത് പല്ലിൽ നന്നായി ഉണങ്ങാൻ അനുവദിക്കുക. അൽപസമയം കഴിഞ്ഞ് സാധാരണ പേസ്റ്റ് ഉപയോഗിച്ച് ബ്രെഷ് ചെയ്യാവുന്നതാണ്.
വെളിച്ചെണ്ണ
കുറച്ചു തുള്ളി വെളിച്ചെണ്ണ വിരലുകളിൽ എടുത്ത് 4 മിനിറ്റ് പല്ലിൽ തടവുക. ശേഷം പല്ല് നന്നായി തേച്ച് തണുത്ത വെള്ളത്തിൽ കഴുകുക. വെളിച്ചെണ്ണ കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പല്ലുകളുടെ മഞ്ഞനിറം മാറിക്കിട്ടും
പഴത്തൊലി
പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞനിറവും കറയും അകറ്റാനും പഴത്തൊലി മികച്ച പരിഹാരമാണ്. പഴത്തൊലി ചെറുതായി മുറിച്ച് പല്ലുകളിൽ മൃദുവായി തടവുക. ശേഷം വാ നന്നായി കഴുകുക. ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താൽ മാറ്റം പ്രകടമാകും.
ആപ്പിള്‍ സിഡര്‍ വിനഗര്‍
ആറ് ഔൺസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഈ മിശ്രിതം 30 സെക്കൻഡ് വായിൽ പിടിച്ച് തുപ്പിക്കളയുക. പിന്നീട് ബ്രഷ് ചെയ്യാവുന്നതാണ്.