കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ പ്രധാനപ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. കേശസംരക്ഷണത്തിനും മുടികൊഴിച്ചില്‍ പരിഹരിക്കാനുമൊക്കെ പലരും ധാരാളം ചിലവാക്കാറുമുണ്ട്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ തടയാനും മുടിയഴക് നിലനിര്‍ത്താനും കഴിയും.
മുടി കൊഴിയുന്നത് സ്വാഭാവികമാണ്. ഒരു ദിവസം 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയാം. ആരോഗ്യകരമായ അവസ്ഥയില്‍ മുടി കൊഴിയുകയും പുതിയ മുടി ഉണ്ടായി വരുകയും ചെയ്യും. മുടി അളവില്‍ കവിഞ്ഞ് കൊഴിയുകയും പുതിയ മുടി ഉണ്ടാകാതെ ഇരിക്കുന്നതും ശ്രദ്ധിക്കണം. കൃത്യമായ ചികില്‍സ കണ്ടെത്തി നല്‍കുകയും മുടി വളരാനുള്ള സാവകാശം നല്‍കുകയും ചെയ്താല്‍ മുടി വീണ്ടും വളരാനുള്ള സാധ്യത കൂടും. ചികില്‍സ കൊണ്ട് ഭേദമാക്കാന്‍ കഴിയാത്ത മുടികൊഴിച്ചിലുമുണ്ട്. പ്രായം കൂടുന്നതനുസരിച്ച് മുടി കൊഴിച്ചിലും കൂടും. കഷണ്ടി അതിന് ഉദ്ദാഹരണമാണ്. മുടി കൊഴിച്ചിലോര്‍ത്ത് ടെന്‍ഷനടിക്കുന്നത് മുടി കൊഴിച്ചില്‍ ഇരട്ടിയാക്കാനെ ഉപകരിക്കൂ.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകാം. ഗര്‍ഭാവസ്ഥയ, പ്രസവശേഷം, ആര്‍ത്തവവിരാമം,ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോഴും നിര്‍ത്തുമ്പോഴുമെല്ലാം മുടികൊഴിച്ചില്‍ വര്‍ധന ഉണ്ടാകാം. ഇത്തരം അവസ്ഥകളില്‍ മുടി നാരിനും കട്ടികുറവായിരിക്കും. അലോപേഷ്യ രോഗ ബാധയുള്ളവര്‍ക്ക് മുടികൊഴിച്ചിലുണ്ടാകും. മുടി മുഴുവനും കൊഴിഞ്ഞ് പോയെന്നും വരാം. കാന്‍സര്‍ ബാധിതര്‍ക്ക് കീമോതെറാപ്പിക്ക് ശേഷം മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മരുന്നിന്‍റെ പാര്‍ശ്വഫലമാണ് അത്. അത്തരത്തില്‍ ചില മരുന്നുകള്‍ മുടി കൊഴിച്ചിലിന് കാരണമാകാം. മരുന്ന് നിര്‍ത്തുന്നതോടെ മുടി കൊഴിച്ചിലും നില്‍ക്കും.
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് പ്രോട്ടീനും അയണും. ഭക്ഷണം ക്രമീകരിക്കുന്നതും മുടിയുടെ ആരോഗ്യത്തെ നിലനിര്‍ത്തും. അതുപോലെതന്നെ മുടി വിലിച്ചുമുറുക്കി കെട്ടുക, ധാരാളം ക്ലിപ്പുകള്‍ മുറുക്കി ഉപയോഗിക്കുക തുടങ്ങിയ പ്രവണതകളെല്ലാം മുടി കൊഴിച്ചിലിന് കാരണമാകും.സാറ്റിന്‍ സ്ക്രഞ്ചികളാണ് മുടി കെട്ടിവെയ്ക്കാന്‍ ഏറ്റവും നല്ലത്.ഒപ്പം ഷാംപൂ, സോപ്പ് തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. സ്ട്രൈറ്റ്നര്‍, കേളര്‍ തുടങ്ങി ഹീറ്റിങ് ഉപകരണങ്ങളും നല്ലതല്ല.
മാനിസിക ആരോഗ്യവും മുടിയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമല്ലോ. വിഷാദ രോഗികളില്‍ പൊതുവെ കണ്ടുവരുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ക്ലോറിന്‍ വെള്ളവും ചൂടുവെള്ളവും കേശസംരക്ഷണത്തിലെ വില്ലന്‍മാരാണ്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് മുടികൊഴിച്ചിലുണ്ടാക്കാം. മുടിയുടെ വൃത്തി വളരെ പ്രധാനപ്പെട്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയോ, കാച്ചിയ എണ്ണയോ മുടിയിഴകളിലും തലയിലും നന്നയി തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയുന്നതാണ് ഏറ്റവും നല്ല രീതി.താരന്‍ പോലുള്ള അണുബാധകളെ ഇത് തടയും.നനഞ്ഞ മുടി കെട്ടിവെയ്ക്കാതിരിക്കുക, പല്ലകലമുള്ള ചീപ്പ് ഉപയോഗിച്ച് ചീകുക.