പുതുതലമുറയുടെ ക്രേസ് ആയി മാറിയിരിക്കുകയാണ് ബോഡി പിയേഴ്സിങ്. മൂക്ക് ഇരുവശവും കുത്തുന്നതും കാത് തുളച്ച് നാലും അഞ്ചും കമ്മലിടുന്നതും ഇപ്പോള്‍ സാധാരണമായി മാറിയിട്ടുണ്ട്. സെപ്റ്റം പിയേഴ്സിങും നാവ് തുളയ്ക്കുന്നതും പൊക്കിളില്‍ കമ്മലിടുന്നതുമെല്ലാം പുതിയ ഫാഷനായി മാറി. എന്നാല്‍ ഇവ ആരോഗ്യകരമാണോ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
കാതും മൂക്കും കുത്തുന്നതും അവയുടെ പരിചരണവും വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍. അല്ലെങ്കില്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. ബ്യൂട്ടി പാര്‍ലറുകളും സ്വര്‍ണകടകളും ടാറ്റു സെന്‍ററുകളുമെല്ലാം പിയേഴ്സിങ് ചെയ്ത് നല്‍കാറുണ്ട്. സ്വന്തമായി കുത്തുന്നവരുമുണ്ട്. എന്നാല്‍ ഇവിടെയെല്ലാം അണുബാധയുടെ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കാതും മൂക്കും കുത്താന്‍ ഡോക്ടറുടെ സേവനം തേടുന്നതാണ് ഏറ്റവും ഉചിതം.
പിയേഴ്സിങിന്‍റെ ഭാഗമായി ഉണ്ടാകുന്ന അണുബാധ രണ്ട് തരത്തിലാണുള്ളത്. ബാക്ടീരിയല്‍ അണുബാധയും വൈറല്‍ അണുബാധയും. പഴുപ്പ് പോലെ വരുന്നത് ബാക്ടീരിയല്‍ അണുബാധയും അരിമ്പാറ പോലെ തടിച്ചുവരുന്നത് വൈറല്‍ അണുബാധയുമാണ്. അണുവിമുക്തമല്ലാത്ത സൂചി കൊണ്ട് തുളയ്ക്കുന്നത് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ വരാനും ഇടയാക്കും.
കാതും മൂക്കുമെല്ലാം ഉചിതമായ പോയിന്‍റില്‍ കുത്തിയില്ലെങ്കിലും കല്ലിപ്പിനും അണുബാധയ്ക്കും കാരണമാകും. കാതിലും മൂക്കിലുമുള്ള കാര്‍ട്ടിലേജ് എന്ന തരുണാസ്ഥി ഒഴിവാക്കി വേണം തുളയ്ക്കാന്‍. മൂക്കും കാതും കുത്തിയതിന് ശേഷവും ആദ്യദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മുറിവുണങ്ങുന്നത് വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ നേരിയ ചൂടുവെള്ളത്തില്‍ കുളിക്കുക
∙ബീറ്റാഡിന്‍ പുരട്ടുക (ആന്‍റിസെപ്റ്റിക് സൊല്യൂഷന്‍)
∙ഉപ്പുവെള്ളം പുരട്ടുക ( ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പാക്കുക)
∙തുണിയും തോര്‍ത്തും മറ്റ് വസ്തുക്കളും മൂക്കിലോ കാതിലോ ഉടക്കാതെ നോക്കുക
ഡോക്ടറുടെ നിര്‍ദേശത്തോടെ അല്ലാതെ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കാന്‍ പാടില്ല. ഒപ്പം മൂക്കിന്‍റെ സെപ്റ്റം, പൊക്കിള്‍ എന്നീ പിയേഴ്സിങ് ഒഴിവാക്കുന്നതാണ് നല്ലത്.