ഗുരുതര വൈദ്യുതി പ്രതിസന്ധി മൂലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ പത്ത് ദിവസമായി വൈദ്യുതി നിയന്ത്രണം നടക്കുന്നുണ്ട്. വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. ഒന്നിലേറെ തവണയും പവര്‍ കട്ടുണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയയിലും പവര്‍ കട്ട് തന്നെയണ് ചര്‍ച്ചാവിഷയം. രാത്രിയില്‍ ഫാനോ ലൈറ്റോ ഇല്ലാതെ വിയര്‍ത്ത് കുളിച്ചിരിക്കുന്ന ചിത്രങ്ങളും വിഡിയോകളും പലരും സമൂഹാധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്.
ഇപ്പോള്‍ പവര്‍ കട്ടിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത് ബാലതാരം വൃദ്ധി വിശാലാണ്. 'സിഎം വി.ഡി.സതീശന്‍ സാറിനോടാണ് ഇന്നൊരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത്', എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. അപ്പോള്‍ തന്നെ മുറിയിലെ വെളിച്ചം അണഞ്ഞ് ഇരുട്ടാവുന്നു, ഇരുട്ടിലൂടെ വൃദ്ധിയുടെ ശബ്ദം വീണ്ടും വരികയാണ്, 'ഇനി ഇപ്പോള്‍ എന്ത് പറയാനാണ്?', വൃദ്ധിയുടെ കമന്‍റിലും പൊട്ടിച്ചിരിക്കുന്ന സ്മൈലികള്‍ നിറഞ്ഞു.
എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് കൂടുകയാണ്. ഇതോടെ വൈദ്യുതി ഉൽപാദനം കുറഞ്ഞതിനൊപ്പം ഉപഭോഗവും ഗണ്യമായി വർധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസം ശരാശരി 3,794 മെഗാവാട്ടായിരുന്നു വൈദ്യുതി ആവശ്യം. എന്നാൽ ഇന്നലെ വൈദ്യുതി ഉപഭോഗം 5,200 മെഗാവാട്ടിലെത്തി. സംസ്ഥാനത്തിന്റെ വൈദ്യുതി നൽകൽ ശേഷിയേക്കാൾ 900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളതെന്ന് സർക്കാർ പറയുന്നു. ഇതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്നാണ് സർക്കാരിന്‍റെ വിശദീകരണം. അതേസമയം, കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വീണ്ടും മഴ വരുന്നെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.