മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും ഒന്നിക്കുന്ന ‘ഇരുവർ’ എന്ന അഭിമുഖത്തിന്റെ ടീസറാണ് ഇപ്പോള്‍ സംസാര വിഷയം. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 'കണ്ടും മിണ്ടിയും ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ' എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽനിൽക്കെ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം എപ്പോൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നുണ്ട്. ഇപ്പോഴിതാ അഭിമുഖത്തിന്റെ ടീസർ സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് മന്ത്രി പി രാജീവ്.
മനോഹരമായ ടീസറാണ് കണ്ടത്. കപ്പ തിന്നുന്നത് പോലെയോ പന്ത് കറക്കുന്നതുപോലെയോ അല്ല ഇത്. കനഗോലുവിന് വേണ്ടി ഒരു പിആർ ഏജൻസി തന്നെ പ്രവർത്തിക്കുന്നില്ലേ. മോഹൻലാലും മുഖ്യമന്ത്രിയും തമ്മിൽ നല്ല സൗഹൃദമാണ്. മനോഹരമായ ടീസറാണ് നന്നായി പ്രചരിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ഒരു വീട്ടില്‍ ചെന്ന് കപ്പ കഴിക്കുന്ന വിഡിയോ വൈറലായിരുന്നു.