Untitled design - 1

TOPICS COVERED

മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത് നല്‍കിയ നിവേദനം വേദിയില്‍ വെച്ചുതന്നെ കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തത വരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കീറിക്കളഞ്ഞത്  നിവേദനമല്ലെന്നും  താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നതെന്നും സതീശൻ പറഞ്ഞു. 

'ഞാൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് ആ പേപ്പർ കീറിക്കളഞ്ഞത്. ഒരു സ്ത്രീ വിരലിന്‍റെ വലുപ്പം മാത്രമുള്ള പേപ്പറില്‍ നിവേദനം തരുമോ?. ഞാനല്ലാതെ വേറെ ഒരാള്‍ ആ പേപ്പറില്‍ എഴുതിയ സംഗതി കാണാന്‍ പാടില്ല. ആരും കാണരുതെന്ന് കരുതിയാണ് അത് അവിടെ വെച്ച് തന്നെ കീറിയത്. വേറെ ആരും അത് കൂട്ടിവെച്ച് പോലും വായിക്കരുതെന്ന് കരുതി അവിടെ പോലും ആ പേപ്പര്‍ കീറിയത് ഞാന്‍ ഇട്ടില്ല. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന ഞാൻ നിവേദനം കീറിക്കളയുമോ. എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത്'. – സതീശന്‍ വ്യക്തമാക്കുന്നു. 

കോൺ​ഗ്രസ് പ്രവർത്തക നൽകിയ നിവേദനം തുറന്നുപോലും നോക്കാതെ പരസ്യമായി കീറിക്കളയുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വീഡിയോ എന്ന തരത്തിലാണ് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ ഇത് പ്രചരിച്ചത്. വസ്തുത അതല്ലെന്നും പ്രതിപക്ഷ നേതാവ് മാത്രം അറിയേണ്ട കാര്യമായിരുന്നു ആ തുണ്ട് പേപ്പറില്‍ എഴുതി കൊടുത്തതെന്നും അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചതെന്നും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത്  പ്രതികരിച്ചു.   

ENGLISH SUMMARY:

Opposition Leader VD Satheesan clarified the viral visuals where a submitted document was allegedly torn. He stated that the paper contained information intended only for his eyes, not a formal petition, and that such fake campaigns originate from AKG Centre.