കണ്ണൂര്‍ ജില്ലയിലെ മികച്ച കർഷകനുള്ള ഹോർട്ടികൾച്ചറൽ വകുപ്പിന്റെ അവാർഡ് ഏറ്റുവാങ്ങിയ ചെറുപുഴ സ്വദേശി അമ്പാട്ട് ഏലിയാസാണ് ജീവനൊടുക്കിയത്. കീടനാശിനി ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് ഏറ്റുവാങ്ങിയ കർഷകനാണ്, കൃഷി വരുത്തിവെച്ച കടബാധ്യതയിൽ ജീവൻ ഒടുക്കിയത്. ചെറുപുഴ ഇടവരമ്പ് സ്വദേശി അമ്പാട്ട് ഏലിയാസാണ് മരിച്ചത്.
മൂന്ന് പതിറ്റാണ്ടായി 12 ഏക്കറോളം ഭൂമിയിൽ ഏലിയാസിന് കൃഷിയുണ്ട്. ഭൂരിഭാഗവും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി. തുടർച്ചയായി നഷ്ടം വന്നതോടെ 40 ലക്ഷത്തോളം രൂപയുടെ കടബാധ്യത. ആനുകൂല്യങ്ങൾ തേടി ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ കീടനാശിനിയിൽ ജീവിതം അവസാനിപ്പിച്ചു.
സബ്സിഡിയായി ലഭിക്കാനുള്ള ഒരു ലക്ഷത്തോളം രൂപയിലായിരുന്നു ഏലിയാസിൻറെ പ്രതീക്ഷ. കഴിഞ്ഞാഴ്ച തുക ലഭിക്കാതെ വന്നതോടെ വലിയ വിഷമത്തിലായി. ചികിത്സയിലിരിക്കെ പണം അക്കൗണ്ടിൽ വന്നതും വിരോധാഭാസം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് വീട്ടിലെത്തിക്കും. നാളെ മീന്തുള്ളി സെൻറ് ജോർജ് ഇടവക ദേവാലയത്തിലാണ് സംസ്കാരം.