കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയെ അനുസ്മരിച്ച് അഖില്‍ മാരാരുടെ വിഡിയോ. തന്നെപ്പോലുള്ള ഒരുപാട് പേരുടെ ജീവിതം മാറ്റിമറിച്ച മനുഷ്യന്‍ ഇനിയീ ഭൂമിയില്‍ വേണ്ടെന്ന് സ്വയം തീരുമാനിച്ചതെന്തിനാണ് എന്ന ചോദ്യമുയര്‍ത്തുകയാണ് അഖില്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ വിജയിച്ചപ്പോൾ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയ് ആയിരുന്നു സി.ജെ റോയ് സാറിന്റെ മരണം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍.
പ്രത്യക്ഷത്തില്‍ അദ്ദേഹവുമായി തനിക്ക് ബന്ധമില്ലെങ്കിലും ഒരുസമയത്ത് ഒന്നുമല്ലാതിരുന്ന ഒരുവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയ മനുഷ്യനാണദ്ദേഹമെന്ന് പറയുന്നു അഖില്‍ മാരാര്‍. കഴിഞ്ഞ 18 വർഷക്കാലമായി വിവിധ റിയാലിറ്റി ഷോകളിൽ സമ്മാനം നൽകിയ മനുഷ്യൻ. തന്നെപ്പോലുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ സമ്മാനം കൊണ്ട് അനുഗ്രഹിച്ച്, അവരുടെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയ മനുഷ്യന്റെ മരണം വലിയ വേദനയാണ് തനിക്ക് നല്‍കിയതെന്നും അദ്ദേഹം പറയുന്നു.
പണ്ട് ഒരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ ബാധ്യതയിൽ പെട്ടുപോയ ഒരുവനാണ് താനെന്നും ചെറിയ ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാതെ, ഒരു വർഷത്തിൽ പതിനായിരം രൂപ പോലും അടക്കാൻ പറ്റാതെ ബാധ്യതയിൽപെട്ട ഒരാളുടെ ജീവിതം മാറ്റിമറിച്ച ആളാണ് റോയ് സര്‍ എന്നും അഖില്‍ മാരാര്‍ പറയുന്നു. ഇത്രയും മനുഷ്യര്‍ക്ക് നന്‍മ ചെയ്ത ഒരു മനുഷ്യൻ എന്ത് കാരണം കൊണ്ടാണ് മരിച്ചതെന്ന് അറിയാൻ പറ്റാത്ത അവസ്ഥ എല്ലാവർക്കുമുണ്ട്.
ഉദ്യോഗസ്ഥരുടെ പീഡനമാണോ, രാഷ്ട്രീയ സമ്മർദ്ദമാണോ, മറ്റെന്തെങ്കിലും കാരണമാണോ, എന്ത് കാരണമാകാം അദ്ദേഹത്തെ പോലൊരു മനുഷ്യന് ഒരുനിമിഷം താൻ ഇനി ഭൂമിയിൽ വേണ്ടെന്ന തീരുമാനം എടുപ്പിച്ചതെന്നും ചോദിക്കുന്നു വിഡിയോയിലൂടെ. ബിസിനസ് മേഖലയ്ക്കും കോൺഫിഡന്റ് ഗ്രൂപ്പിനും വലിയ നഷ്ടമാണ് റോയ്സാറിന്റെ വേര്‍പാടെന്നും കുടുംബാംഗങ്ങളുടെ വേദനയില്‍ താനും പങ്കുചേരുന്നുവെന്നും ജീവിച്ചിരുന്നെങ്കില്‍ ഇനിയും ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെടേണ്ട ആളായിരുന്നുവെന്നും അഖില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.