ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുളള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍. ഈ ഫോണ്‍ സംഭാഷണം ഒരു കാരണവശാലും പുറത്ത് വിടരുത് എന്ന് തന്നോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എടുത്ത് പറഞ്ഞതാണെന്നും പക്ഷേ അദ്ദേഹത്തിന് കൂടി വേണ്ടിയാണ് ഇത് പുറത്ത് വിടുന്നത് എന്ന് പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ ഓഡിയോ പുറത്ത് വിട്ടത്.
ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ പുകഴ്ത്തി രാഹുല്‍ ഫാന്‍സ് രംഗത്ത് വന്നത്, നിങ്ങളായിരുന്നു ശരിയെന്നും മനസിലാക്കാന്‍ പറ്റിയില്ലെന്നും രാഹുല്‍ അനുകൂലികള്‍ പറയുന്നു. ‘എതിർപാനലിസ്റ്റ് ആയ ചെറുപ്പക്കാരനെ ആപത്ത് വന്നപ്പോൾ ഓടിവന്ന ആശ്വാസപ്പെടുത്തുകയും അദ്ദേഹത്തിന് വേണ്ടി നിരന്തരം വാദിക്കുകയും ചെയ്യുന്ന രാഹുൽ ഈശ്വർ താങ്കൾ ഒരു നല്ല മനുഷ്യനാണ്, തുടങ്ങി നിരവധി കമന്‍റുകളാണ് വരുന്നത്.
ഓഡിയോയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍ ഇങ്ങനെ
‘എന്റെ റൂമില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ കാവല്‍ കിടക്കുകയാണ് രാത്രിയില്‍. അത്രയും മോശം ഫേസിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. എനിക്ക് ഇവിടെയൊരു സെന്റിമെന്റ്‌സ് വേണ്ട. ഈ രാജ്യത്ത് നിയമം പറയാത്ത ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. ഏത് കേസും വന്നോട്ടെ, കോടതിയില്‍ നില്‍ക്കുന്ന ഒരൊറ്റ ക്രൈമും ഞാന്‍ ചെയ്തിട്ടില്ല. ചില ആളുകള്‍ വന്ന് ചോദിക്കുന്നു എന്താണ് മിണ്ടാത്തത് എന്ന്. ഇത്തരം അവസ്ഥ വരുമ്പോള്‍ ഞാനായത് കൊണ്ടാണ് ഇത്രയും എഴുന്നേറ്റ് നില്‍ക്കുന്നത്. രാത്രിയില്‍ ഗുളികകള്‍ കഴിച്ച് ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ 5 മണിയോ 6 മണിയോ ഒക്കെ ആവുമ്പോഴാണ് ഉറങ്ങുന്നത്. 7 മണിയോ 8 മണിയോ ആകുമ്പോള്‍ എഴുന്നേല്‍ക്കും. 2 മണിക്കൂറാണ് ഉറങ്ങുന്നത്. വിശക്കാറില്ല, അത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും തോന്നാറില്ല. ട്രോമ എന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെയാണ് പോകുന്നത്. ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല. റൂമില്‍ നിന്ന് പുറത്തേക്കിറങ്ങണം എന്നതാണ്. തെറ്റ് ചെയ്തത് കൊണ്ടാണോ പ്രതികരിക്കാത്തത് എന്നൊക്കെ ആളുകള്‍ക്ക് ചോദിക്കാന്‍ എളുപ്പമാണ്. എന്റെ അവസ്ഥ ഞാന്‍ എപ്പോഴെങ്കിലും പുറത്ത് തന്നെ പറയും. കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ’