യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് കമന്‍റുമായി രാഹുല്‍ ഈശ്വര്‍. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി ഒട്ടേറെ യൂത്ത് കോൺഗ്രസുകാരാണ് ഈ കാലയളവിൽ പൊലീസിന്‍റെ ക്രൂര മർദനങ്ങൾക്ക് ഇരയായതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്. ആ പ്രസ്ഥാനത്തെയും നാടിനെയും നയിക്കാൻ ഒരു തീപ്പൊരി യുവ നേതാവിന്‍റെ ആവശ്യമുണ്ടെന്നായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ കമന്‍റ്.
ചാനലിൽ, വേദികളിൽ കത്തികയറാൻ, മുഖ്യമന്ത്രിയെ പോലും നേരിട്ട് വെല്ലുവിളിക്കാൻ പറ്റുന്ന ഒരു കിടിലം നേതാവിനെയാണ് ആവശ്യമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ച് രാഹുല്‍ ഈശ്വര്‍ കമന്‍റിട്ടു. അതേസമയം, തൃശൂരിലെ മൂന്നാംമുറയില്‍ മാനം പോയ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടങ്ങി.
സുജിത്തിനെ മര്‍ദിച്ച മൂന്ന് പൊലീസുകാർക്കെതിരെ കടുത്ത നടപടിക്കാണ് തീരുമാനം. കുറ്റക്കാരെ പിരിച്ചു വിടുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ ഒരു തവണ സര്‍വീസ് നടപടിയെടുത്തു എന്നതിനാല്‍ തുടര്‍ നടപടിയുടെ സാധ്യതയില്‍ ഡിജിപി നിയമോപദേശം തേടി. കേസ് കോടതിയിലെന്നതും തടസമാകുന്നുണ്ട്. മൂന്നാംമുറക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി അനിവാര്യമെന്നാണ് പൊലീസ് തലപ്പത്തെ പൊതുവികാരം.
മര്‍ദനത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതി പിന്‍വലിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. പരാതി ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തത് ഇരുപതു ലക്ഷം രൂപയാണ്. ഇടനിലക്കാര്‍ വഴിയും പൊലീസുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍ സുജിത്ത് ഒത്തുതീര്‍പ്പിന് വഴങ്ങിയില്ല.
മര്‍ദനത്തിനുത്തരവാദികളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ നിയമപോരാട്ടം തുടരുമെന്ന നിലപാടിലാണ് സുജിത്ത്. മര്‍ദനത്തിന്‍റെ തീവ്രത ജനത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങള്‍ വിവരാവകാശ പ്രകാരം സമ്പാദിച്ചത് . അത് ഫലം കണ്ടെന്നും സുജിത്ത് കരുതുന്നു.