വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. 10മണി കഴിഞ്ഞ് ആറുമിനിറ്റായി എന്ന കാരണം പറഞ്ഞ് ലഹരിക്കെതിരായ പരിപാടി പൊലീസ് നിർത്തിവെപ്പിച്ചത് ശുദ്ധ തോന്നിവാസമാണെന്നും പൊലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയെന്നും പി.കെ ഫിറോസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
സമ്മേളന വേദിയിൽ നിന്നും മടങ്ങും വഴി പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിച്ച സംഭവത്തെയും പി.കെ ഫിറോസ് വിമർശിച്ചു. വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നതെന്ന് ചോദിച്ച ഫിറോസ്, മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കുറിപ്പ്
വിസ്ഡം സ്റ്റുഡൻസ്, ലഹരിക്കെതിരെ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫറൻസ് 10 മണി കഴിഞ്ഞ് 6 മിനിറ്റ് ആയി എന്ന കാരണം പറഞ്ഞ് പോലീസ് നിർത്തി വെപ്പിച്ചത് ശുദ്ധ തോന്നിവാസമാണ്. മൂന്ന് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് സംഘാടകർ സമ്മതിച്ച പ്രോഗ്രാമിലാണ് പോലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയത്.
വിദ്യാർത്ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പോലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നത്? മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണം.