ചായപയറ്റ് എന്നു കേട്ടിട്ടില്ലേ..പ്രത്യേക ആവശ്യങ്ങൾക്ക് മലബാറുകാർ 80 കളിൽ നടത്തി വന്ന ഒരു ധനസമാഹരണ മാർഗമാണത്. കഴിഞ്ഞ ദിവസം വയനാട് ബത്തേരിയിലും ഒരു ചായപയറ്റ് നടന്നു. കോളാമ്പി മൈക്കിൽ നിന്ന് ഉച്ചത്തിലുള്ള പാട്ടും പഴയ കാല സിനിമയുടെ പോസ്റ്റർ പതിച്ച ചായക്കടയും ഉപ്പുംമുളകും ചേർത്ത് കഴിക്കാൻ പച്ചമാങ്ങയും ഒക്കെ ഒരുക്കിയ ഭംഗിയുള്ള പരിപാടി..
പനയോലകൾകൊണ്ടു ചുറ്റുംമറച്ച ഒരു പഴയകാല അങ്ങാടി. പുല്ലുമേഞ്ഞും, പെട്രോൾമാക്‌സ് തൂക്കിയും, സിനിമപോസ്റ്ററുകൾ പതിച്ചും കുറേ ഓർമ്മകൾ ഒരുക്കിയിട്ടുണ്ട്. ചായക്കായി സമാവറും ചില്ലഅലമാരകളിൽ സ്ഥാനം പിടിച്ച നുറുക്ക്, അച്ചപ്പം, വടകളും എല്ലാമായപ്പോൾ 80 കളിലെ ഗ്രാമീണ ചായക്കട മനസിൽ വരും. പഴയ കാല ഗാനങ്ങൾ കോളമ്പി മൈക്കിലൂടെ കേട്ടതോടെ ജനം ഒഴുകിയെത്തി.
ചായപയറ്റാണ് പരിപാടി. കല്ല്യണങ്ങൾക്കും മറ്റും പണം കണ്ടെത്താൻ പണ്ട് മലബാറുകാർ നടത്തി വന്ന അതുപോലൊരു ചായപയറ്റ്. ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഈ ചായപയറ്റിന്റെ ലക്ഷ്യം പക്ഷേ മറ്റൊന്നാണ്. കല്ലുവയലിൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന സ്‌കൂളിൽ ആധുനിക സജ്ജീകരണങ്ങളൊരുക്കണം, സൗജന്യ നിരക്കിൽ ഡയാലിസിസ് നൽകാൻ പണം കണ്ടെത്തണം ചായ സൽക്കാരത്തിനെത്തിയവർ പറ്റാവുന്നത്ര സംഭാവന നൽകി. സാമ്പത്തിക സഹായത്തേക്കാൾ പണ്ടത്തെ പോലൊരു ഒത്തൊരുമയെ മനസ്സിലാക്കി തന്ന ചടങ്ങിന് വലിയ കയ്യടിയാണ് ലഭിച്ചത്...