kiifb-school

എ.സി ക്ളാസ് മുറികള്‍ മുതല്‍ ലിഫ്റ്റ് വെച്ച കെട്ടിടങ്ങള്‍ വരെയാണ് സര്‍ക്കാര്‍ സ്കൂളുകളുടെ മാറ്റത്തിന്‍റെ കാഴ്ച. വിദ്യാഭ്യാസ രംഗത്തെ വികസനക്കുതിപ്പിന് കാരണമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് കിഫ്ബി വഴി ലഭിച്ച കോടികളാണ്. 973 സ്കൂളുകളുടെ നവീകരണത്തിനായി അയ്യായിരം കോടി രൂപയാണ് പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്ത് അനുവദിച്ചത്. 

താന്‍ പഠിച്ച വിദ്യാലയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  മന്ത്രി വി.ശിവന്‍കുട്ടി സ്കൂള്‍ വികസനത്തേക്കുറിച്ച് വിശദീകരിച്ചത്. 

തിരുവനന്തപുരത്തെ ചെറുവയ്ക്കല്‍ എല്‍.പി സ്കൂളിലായിരുന്നു മന്ത്രിയുടെ വിദ്യാഭ്യാസം. ഇരുമ്പ് ഷീറ്റുകൊണ്ട് മേല്‍ക്കൂര ഒരുക്കിയ ക്ളാസ്മുറികളില്‍ ചൂടു കാലത്ത് വിയര്‍ത്തൊലിച്ചിരുന്നാണ് കുട്ടികളുടെ പഠനം. അതിന് പരിഹാരം കാണാനാണ് പുതിയ കെട്ടിടത്തിന് മൂന്ന് കോടി രൂപ അനുവദിച്ചത്. നിര്‍മാണം പുരോഗമിക്കുകയാണ്. സ്കൂള്‍ വികസനത്തില്‍ നാഴികകല്ലാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.

കേരളത്തിലെ മാറുന്ന സ്കൂളുകളുടെ മുഖം മന്ത്രിയുടെ നാട്ടില്‍ മാത്രമല്ല, കേരളത്തിലെമ്പാടും കാണാം. എടുത്തുപറയാവുന്ന ഉദാഹരണമാണ് വയനാട് ബത്തേരി സര്‍വജന സ്കൂള്‍. 2019ല്‍ ക്ളാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച വാര്‍ത്ത കേട്ട് കേരളം ഞെട്ടിയ വാര്‍ത്ത ഈ സ്കൂളില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് ഈ സ്കൂള്‍ ആകെ മാറി. പുതിയ കെട്ടിടവും മനോഹരമായ ക്ളാസ്മുറികളും പരിസരവും. അതിന്‍റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് നാട്.

മനോഹരമായ കെട്ടിടമുള്ള ഈ സ്കൂളിന്‍റെ മറ്റൊരു പ്രത്യേകത ലിഫ്റ്റ് സൗകര്യമാണ്. ബാഗും ചുമന്ന് കുട്ടികള്‍ നാലും അഞ്ച് നിലയിലുള്ള ക്ളാസ് മുറികളിലേക്ക് പടി കയറിപ്പോകുന്ന കാഴ്ച ഇനിയുണ്ടാകരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. അതുകൊണ്ട് തന്നെ പുതിയതായി പണിയുന്ന സ്കൂള്‍ കെട്ടിടങ്ങളില്‍  മൂന്നില്‍ കൂടുതല്‍ നിലകളുണ്ടെങ്കില്‍ ലിഫ്റ്റുമുണ്ടാകും. തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ലിഫ്റ്റ് വെച്ചത് കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ്. മനോഹരമായ പെയിന്‍റടിച്ച് സുരക്ഷിതമായ ക്ളാസ് മുറികളുള്ള ഈ സ്കൂളില്‍ ലിഫ്റ്റ് കൂടി വന്നതോടെ ഈ പ്രദേശത്തെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളായി ഈ സര്‍ക്കാര്‍ സ്കൂള്‍ മാറി. ഈ വര്‍ഷവും ഇവിടെ പ്രവേശനം കിട്ടാന്‍ വന്‍ തിരക്കാണ്.

ബാഗും ചുമന്ന് പടി കയറുന്ന വിദ്യാര്‍ഥികളുടെ കാഴ്ച മാത്രമല്ല, ചുട്ടുപൊള്ളുന്ന വേനല്‍കാലത്ത് വിയര്‍ത്തൊലിച്ച് പഠിച്ചിരുന്ന കുട്ടികളുടെ കാഴ്ചയും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് ഇല്ലാതാവുകയാണ്. അതിന്‍റെ ഉദാഹരണം കാണാന്‍ തിരുവനന്തപുരം നഗരത്തിലെ മെഡിക്കല്‍ കോളജ് സ്കൂളിലേക്കെത്തിയാല്‍ മതി. ഓരോ ക്ളാസ് മുറികളിലും എ.സിയാണ്. ബെഞ്ചും ഡെസ്കും മാറി. കുഷ്യനും കൈപ്പിടിയുമുള്ള കസേരകള്‍ നിറഞ്ഞ മോഡേണ്‍ ക്ളാസ് മുറികളും എ.സിയുമായി കുട്ടികളെ സ്വാഗതം ചെയ്യുന്നു.

അടിസ്ഥാന സൗകര്യവികസനത്തിലെന്ന പോലെ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതില്‍ സ്കളൂകള്‍ മല്‍സരിക്കുകയാണ്. ബ്ളാക് ബോര്‍ഡും ചോക്കും പൊടിയും ഡസ്റ്ററുമെല്ലാം ഇന്ന് സ്കൂളുകളില്‍ നിന്ന് മാറിത്തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്കൂളിലേത് പോലെ ടച്ച് സ്ക്രീനുകളായിട്ടുള്ള ഇലക്ട്രിക് ബോര്‍ഡുകള്‍ ഇന്ന് ഇടംപിടിച്ചു. പഠിപ്പിക്കുന്ന പാഠഭാഗം എഴുതി കാണിക്കാമെന്ന് മാത്രമല്ല, അവ സേവ് ചെയ്യാനും പുസ്തകം നോക്കാനും പാഠഭാഗത്തിന് പുറത്തുള്ള വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയാനുമെല്ലാം ഈ ബോര്‍ഡില്‍ സൗകര്യമുണ്ട്.

സാങ്കേതിക വിദ്യയുടെ ഇടപെടല്‍ സ്കൂള്‍ ലാബുകളിലും കാണാം. ആഴ്ചയില്‍ പേരിന് ഒരു ഐ.ടി പീരിയഡ് എന്ന ടൈംടേബിള്‍ മാറി. എല്ലാ ദിവസവും ഐ.ടി പീരിയഡ്. അത് ക്ളാസ് മുറിയിലിരുന്ന് പുസ്തകം വായിച്ച് തീര്‍ക്കുകയുമല്ല. ഐ ടി പാര്‍ക്ക് പോലത്തെ ലാബുകള്‍. അവിടെ നിരനിരയായി ലാപ്ടോപ്പുകള്‍. കണ്ടും കേട്ടും എല്‍.പി ക്ളാസ് മുറികളില്‍ തന്നെ കുട്ടികള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ലോകത്തേക്ക് ചുവടുവെക്കുന്നു.

2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വിദ്യാഭ്യാസ രംഗത്തെ മാറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം എന്ന പേരില്‍ നവകേരളം കര്‍മപദ്ധതി തയാറാക്കിയത്. അതിന്‍റെ ആദ്യ ലക്ഷ്യങ്ങളിലൊന്നായിരുന്നു സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം. കിഫ്ബിയായിരുന്നു അതിന്‍റെ മുഖ്യസഹായം. ഇതിനകം 1427 കോടി രൂപയാണ് സ്കൂളുകളുടെ നവീകരണത്തിന് മാത്രമായി കിഫ്ബി അനുവദിച്ചത്. അഞ്ച് കോടി, മൂന്ന് കോടി, ഒരു കോടി എന്നീ നിലയിലാണ് സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. 141 സ്കൂളുകള്‍ക്ക് 5 കോടി രൂപ അനുവദിച്ചപ്പോള്‍ 139 എണ്ണത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. 386 സ്കൂളുകള്‍ക്കാണ് 3 കോടി രൂപ അനുവദിച്ചത്. അതില്‍ 179 എണ്ണത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. 446 സ്കൂളുകള്‍ക്ക് 1 കോടി രൂപ അനുവദിച്ചപ്പോള്‍ 195 എണ്ണം പൂര്‍ത്തിയായി. അതായത് 973 സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ 513 എണ്ണത്തിന്‍റെ നിര്‍മാണം കഴിഞ്ഞു. 

അടിസ്ഥാനസൗകര്യ വികസനം പോലെ അടുത്ത ലക്ഷ്യമായിരുന്നു ആധുനിക വല്‍ക്കരണം. 

52000 ക്ളാസ്മുറികള്‍ സ്മാര്‍ട്ടാക്കിയപ്പോള്‍ പത്ത് വരെയുള്ള ക്ളാസുകളിലേക്ക് മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരവും ഹയര്‍ സെക്കണ്ടറിയില്‍ നാല്‍പ്പത്തയ്യായിരം ഡിജിറ്റല്‍ ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങി. ഇതിന് പുറമെ ട്വിങ്കറിങ് ലാബുകള്‍, റോബോട്ടിക് ലാബുള്‍ തുടങ്ങിയവയും സജ്ജീകരിച്ചു. പുതുക്കിയ NSQF കോഴ്സുകള്‍ അനുസരിച്ച് 714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലാബോറട്ടറികള്‍ ആധുനിക വല്‍കരിച്ചു. അധ്യാപകര്‍ക്ക് എ.ഐയില്‍ പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായും കേരളം മാറി.

വരുംനാളുകളിലും കിഫ്ബിയുടെ സഹായത്തോടെ വികസനക്കുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ് കേരളത്തിന്‍റെ വിദ്യാഭ്യാസമേഖല. അതിനുള്ള പദ്ധതികള്‍ തയാറെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാരും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും.

ENGLISH SUMMARY:

Government school facilities