പച്ചപ്പും മനോഹാരിതയും നിറഞ്ഞ തമിഴ്നാട് വാല്‍പ്പാറയില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന വാല്‍പ്പാറയിലെത്തുന്നത്. പൊള്ളാച്ചി കടന്ന് ചുരം കയറിയാല്‍ വാല്‍പ്പാറ കണ്ട് തൃശൂര്‍ ചാലക്കുടി വഴി മടങ്ങാം.
നോക്കെത്താ ദൂരത്തോളം നീളുന്ന തേയിലത്തോട്ടങ്ങള്‍. മലമടക്കും കടന്ന് ഇടതൂര്‍ന്നുള്ള ഔഷധത്തോട്ടം. നീര്‍ച്ചോലകളും, തടാകങ്ങളും, തടയണകളും, ഡാമുകളും തുടങ്ങി കാഴ്ചയ്ക്ക് പഞ്ഞമില്ലാത്ത നാടെന്ന പേര് പണ്ടേ വാല്‍പ്പറയ്ക്ക് സ്വന്തമാണ്. ഊട്ടിയും, കൊടൈക്കനാലും മാത്രമല്ല വാല്‍പ്പാറയും കണ്ടേ മടങ്ങൂ എന്ന നിലയിലേക്ക് വിനോദസഞ്ചാരികളെത്തുന്നത് പ്രകൃതിഭംഗി നിറയുന്നത് കൊണ്ട് തന്നെയാണ്. ചുരം കയറിയെത്തുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് അനുഭവം.
മലയാളികള്‍ ഉള്‍പ്പെടെ നിറയെ വിനോദസഞ്ചാരികളുടെ സാന്നിധ്യമുണ്ടെങ്കിലും പലപ്പോഴും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നതില്‍ അധികാരികള്‍ ആത്മാര്‍ഥത കാണിക്കുന്നില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ചുരത്തില്‍ പ്രാഥമിക ആവശ്യത്തിന് ഉള്‍പ്പെടെ താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസമാവും. തദ്ദേശ സ്ഥാപനങ്ങളും, വിവിധ വകുപ്പുകളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന ആവശ്യമാണ് വ്യാപാരികള്‍ ഉള്‍പ്പെടെ നിരന്തരം അറിയിക്കുന്നത്.