സുഹൃത്തായ കലാകാരന് ഹെൽമറ്റില്ലാത്തതിന് പിഴ ചുമത്തി, ശേഷം ഒന്നിച്ചൊരു പാട്ടും പാടി യാത്രയാക്കിയ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറിന്റെ വീഡിയോ വൈറലാകുകയാണ്. മല്ലപ്പള്ളി എംവിഐ അജിത്ത് ആൻഡ്രൂസും സുഹൃത്ത് സുമേഷുമാണ് വീഡിയോയിലെ പാട്ടുകാർ. അപ്രതീക്ഷിതമെങ്കിലും വൈറലായ പാട്ടിലൂടെ യാത്രക്കാരിൽ അവബോധം സൃഷ്ടിക്കാനായ സന്തോഷത്തിലാണ് ഇരുവരും.
പാട്ടുകാരനായ സുമേഷിനൊപ്പം പലതവണ വേദി പങ്കിട്ടിട്ടുണ്ട് കലാകാരൻ കൂടിയായ എംവിഐ അജിത്ത് ആൻഡ്രൂസ്. ഹെൽമറ്റില്ലാതെ വരുന്ന സുഹൃത്തിനെ കണ്ടപ്പോൾ അജിത്ത് പക്ഷേ നിയമത്തിൽ വെള്ളം ചേർത്തില്ല. 500 രൂപ പിഴ ചുമത്തി. സൗഹൃദ സംഭാഷണത്തിനിടെ കൂടിനിന്നവരാണ് ഒരു പാട്ടു പാടാമോ എന്ന് ഇരുവരോടും ചോദിച്ചത്.
കൂടി നിന്നവരിലാരോ എടുത്ത വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മഴവിൽ മനോരമയിലെ വേദിയിലും സുമേഷ് പാടിയിട്ടുണ്ട്. ഇനി ഹെൽമെറ്റ് ധരിക്കാതെ പോകുമോ എന്ന ചോദ്യത്തിന് സുമേഷിന് ഒറ്റ ഉത്തരം മാത്രം.