‘ഞാന്‍ മരിച്ചിട്ടേ നീ മരിക്കൂ...’ പ്രണയിനികള്‍ക്കിടയില്‍, ദമ്പതികള്‍ക്കിടയില്‍ പതിവായി കേള്‍ക്കുന്ന ഒരു ക്ലീഷേ ഡയലോഗ്! ഇതിനു നേര്‍വിപരീതമായ ഒന്ന് ഞാന്‍ ആദ്യമായി കേട്ടത് ഉമ തോമസില്‍നിന്നാണ്. പി.ടി.തോമസിന് പിടിപാട് ജനങ്ങളിലായിരുന്നു. പ്രണയത്തിലാകട്ടെ, ഉമയിലും. വീഴ്ചയ്ക്കുശേഷമുള്ള അഭിമുഖത്തില്‍ ഉമയോട് പി.ടിയെക്കുറിച്ച് ചോദിക്കാതിരിക്കുന്നതെങ്ങനെ! ഉമയ്ക്ക് എന്തെങ്കിലും രാഷ്ട്രീയ ഉപദേശം പി.ടി നല്‍കിയിട്ടുണ്ടാകുമോ? ഉമയോടുതന്നെ ചോദിച്ചു. 'നീ മരിച്ചിട്ടേ ഞാന്‍ മരിക്കൂ എന്നായിരുന്നു പി.ടി എപ്പോഴും പറയാറ്. പി.ടിയല്ലാതെ എന്നെ മറ്റാരും സംരക്ഷിക്കുന്നതുപോലും അദ്ദേഹത്തിനു സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് പി.ടി അങ്ങനെ പറയാന്‍ കാരണമെന്ന് എനിക്കറിയാം.' ഉമയുടെ മറുപടി ഇരുവരുടെയും പ്രണയത്തിന്‍റെ ആഴം എന്നെ ബോധ്യപ്പെടുത്തി.
മഹാരാജാസ് കോളജിലെ വേദിയില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ 'മഞ്ഞണിക്കൊമ്പില്‍'എന്ന പാട്ട് പാടിക്കൊണ്ടിരിക്കെയാണ് എച്ച്.ഉമയെ പി.ടി.തോമസ് ആദ്യം കാണുന്നത്. കോളജിലെ കെ.എസ്.യു സമ്മേളനത്തിന് എത്താമെന്ന് ഏറ്റ പി.ടി വൈകിയപ്പോള്‍ സദസിനു ബോറടിക്കാതിരിക്കാന്‍ പാട്ടുപാടിയതാണ് ഉമ. പിന്നീട് ജീവിതത്തില്‍ ഒരു യുഗ്മഗാനംപോലെ അവര്‍ ചേര്‍ന്നുപോയി.
പാട്ട് അപ്പോഴും പി.ടിയുടെയും ഉമയുടെയും ദൗര്‍ബല്യമായിരുന്നു. അന്ത്യയാത്രയിലും 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന പാട്ട് കൂടെ വേണമെന്ന് പി.ടി പറഞ്ഞുവച്ചത് ഓര്‍ക്കുക. ഇഷ്ടമുള്ളവര്‍ അതു മൂളിപ്പാട്ടായി പാടിയാല്‍പോലും പി.ടി കാതുകൂര്‍പ്പിക്കുമായിരുന്നു. വീണ്ടും പാടിക്കുമായിരുന്നു. ഉമയ്ക്കും ഏറെ ഇഷ്ടമാണ് ആ പാട്ട്. മറ്റു മെലഡികളും. തമിഴ് പാട്ടുകളോട് ഉണ്ട് ഒരു പ്രത്യേക മമത.
കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ നാളുകളില്‍ പാട്ടോര്‍മ്മകള്‍ ഉമയ്ക്കു തുണയായി. എന്നാല്‍ പി.ടി മരിച്ചതിനുശേഷം ഉമ പാടിയിട്ടില്ല.
വീഴ്ചയ്ക്കുശേഷമുള്ള ആദ്യ അഭിമുഖത്തില്‍ ഉമയോട് സംസാരിക്കുമ്പോള്‍ വീഴ്ച ഒരു താഴ്ചയായി കാണാത്ത പ്രസാദാത്മകത എന്നെ ആകര്‍ഷിച്ചു. അല്ലെങ്കില്‍ത്തന്നെ വീഴ്ചയില്‍ തടി കേടാകാതിരുന്നത് തന്‍റെ തടി കൊണ്ടാണെന്നും, വലത്തേ കണ്ണ് അല്‍പം മാത്രം തുറക്കാവുന്ന അവസ്ഥയില്‍ താന്‍ ആറാം തമ്പുരാനില്‍ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച കുളപ്പള്ളി അപ്പനെപ്പോലെ ഇരിക്കുന്നുവെന്നും പറയാന്‍ കഴിയുന്ന ആള്‍ക്കല്ലേ വീഴ്ചയെപ്പോലും ഒരു ഉള്‍ക്കാഴ്ചയായി കാണാന്‍ കഴിയുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉമയെ നേരിട്ട് ആശ്വസിപ്പിക്കാന്‍ എത്തിയ രാഷ്ട്രീയ പ്രതിയോഗികളോട് സമീപനം മയപ്പെടുത്തുമോ എന്ന ചോദ്യത്തിന് ഞാന്‍ പി.ടിയുടെ ഭാര്യയല്ലേ എന്നു തിരിച്ചു ചോദിച്ച് ഉമ മഹേശ്വരിയായി. ഉമയുടെ വീഴ്ചയേക്കാള്‍ വലിയ സുരക്ഷാവീഴ്ചയാണ് ആ വേദിയില്‍ ഉണ്ടായത്. വീഴ്ചയില്‍നിന്ന് ഉമ കരകയറി. നിയമവാഴ്ചയെ വീഴ്ചയില്‍നിന്ന് ആരു കരയറ്റും എന്ന ചോദ്യം ഇനിയും ബാക്കി.