police-app

TOPICS COVERED

പെട്ടെന്ന് അപകടകരമായ ഒരു സാഹചര്യത്തില്‍ പെട്ടുപോയാലും സഹായത്തിനായി  പറന്നെത്തുമെന്ന് കേരളാപൊലീസ്. പൊലീസിന്റെ പോല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് അടിയന്തര സുരക്ഷാവാഗ്ദാനം. അപായസാഹചര്യമെന്നു തോന്നിയാല്‍ ഫോണിലെ പോല്‍ ആപ്പിലെ SOS ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷന്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. നിങ്ങള്‍ക്ക് ഉടന്‍ പൊലീസ് സഹായവും കിട്ടും.

നേരിട്ട് പൊലീസ് സഹായം കിട്ടുന്നതു കൂടാതെ ഏത് അടിയന്തരസാഹചര്യത്തിലും ബന്ധപ്പെടാവുന്ന മൂന്ന് ഫോണ്‍ നമ്പര്‍ കൂടി ചേര്‍ക്കാനും പോല്‍ ആപ്പില്‍ സൗകര്യമുണ്ട്. SOS ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ മൂന്നു നമ്പറിലേക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശമെത്തും. ഒരേ സമയം പൊലീസിനെയും വിശ്വസ്തരെയും വിവരമറിയിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് അര്‍ഥം. ഇത്തരം എമര്‍ജന്‍സി സഹായം മാത്രമല്ല, സാധാരണ പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലേണ്ട പല കാര്യങ്ങളും ആപ്പിലൂടെ ചെയ്യാം. 

കൂടാതെ കേരള പൊലീസിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ–മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്. 

യാത്ര ചെയ്യുമ്പോള്‍ സുരക്ഷിതയല്ലെന്നു തോന്നിയാല്‍ ട്രാക്ക് ചെയ്യാന്‍ ആപ്പിലൂെട പൊലീസിനോട് ആവശ്യപ്പെടാം. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവരെയും സ്ത്രീകളെയും സഹായിക്കാനും പ്രത്യേക സൗകര്യമുണ്ട്.  പൊലീസില്‍ പരാതി നല്‍കാനും എഫ്.ഐ.ആര്‍. ‍ ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം ഇനി ആപ് മതി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിശ്വസിക്കാവുന്ന ഗൈഡ് ആരെന്നറിയാം. പൂട്ടിക്കിടക്കുന്ന വീടിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ അറിയിക്കാം. ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ് പോല്‍ ആപ്പ്. ഇതിനേക്കാളൊക്കെ പ്രധാനം, നമ്മളാരെന്നു വെളിപ്പെടുത്താതെ തന്നെ ഒരു ക്രൈമിനെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.

ENGLISH SUMMARY:

Kerala Police assures immediate assistance in emergencies for users of the POL-APP. The app offers enhanced security features for swift response.